ദുബായ് : പ്രതീക്ഷിച്ചതിലും നേരത്തേതന്നെ ചൊവ്വയിൽ മനുഷ്യവാസമെന്ന യു.എ.ഇ.യുടെ സ്വപ്നം സാക്ഷാത്കരിച്ചേക്കാമെന്ന് നാസ ഉന്നത ഉദ്യോഗസ്ഥൻ. 2117-ഓടെ ചൊവ്വയിൽ മനുഷ്യവാസകേന്ദ്രം യാഥാർഥ്യമാക്കാനാണ് യു.എ.ഇ. പദ്ധതി. സ്വപ്നം ലക്ഷ്യംകാണുമെന്ന് മാത്രമല്ല, കണക്കാക്കിയതിലും വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ചീഫ് എൻജിനിയർ ഡോ. മുഹമ്മദ് ആബിദ് പറഞ്ഞു. മറ്റൊരു ഗ്രഹത്തിൽ പര്യവേഷണം നടത്തി താമസയോഗ്യമാക്കുന്നതിന് ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. ജീവനെ പിന്തുണയ്ക്കാനാവുന്ന അന്തരീക്ഷമാണ് ചൊവ്വയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.