ഉമ്മുൽഖുവൈൻ : മറ്റ് എമിറേറ്റുകൾക്ക് പിന്നാലെ ഉമ്മുൽഖുവൈനും ഗതാഗതപ്പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യു.എ.ഇ. ദേശീയദിനത്തോട് അനുബന്ധിച്ചാണ് ഇളവ് നൽകുന്നത്. ഡിസംബർ ഒന്നു മുതൽ ജനുവരി ആറു വരെയാണ് ഇത്തരത്തിൽ ഇളവ് ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. നേരത്തെ അജ്മാനും ഷാർജയും ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.

അജ്മാനിൽ ഗതാഗതനിയമങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച വിവരം പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയാണ് അറിയിച്ചത്. അതേസമയം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ ഭാഗങ്ങൾ മാറ്റുക എന്നീ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

വിവിധ പോലീസ് സർവീസ് സെന്ററുകളിലൂടെയും സെൽഫ് സർവീസ് കിയോസ്‌ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ, പോലീസ് ആപ്പ് എന്നിവയിലൂടെ പിഴയടയ്ക്കാം. നവംബർ 14-ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഇളവ് ബാധകമാണെന്നാണ് ഷാർജ അറിയിച്ചിരിക്കുന്നത്. ബ്ലാക്ക് പോയന്റുകൾ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങൾ തിരികെ ലഭിക്കാനും ഇതിലൂടെ കഴിയും.