അജ്മാൻ : ട്രാഫിക് പിഴകളിൽ അജ്മാൻ ഗതാഗതവകുപ്പ് 50 ശതമാനം ഇളവ് ഏർപ്പെടുത്തിയതായി അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അറിയിച്ചു. ഡിസംബർ രണ്ടുമുതൽ ഒരുമാസത്തേക്ക് പകുതി ഇളവു നൽകുന്നത്. യു.എ.ഇ. ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണിത്.
നവംബർ 22 വരെയുള്ള എല്ലാ നിയമലംഘനങ്ങൾക്കും ഇളവ് ലഭിക്കും. അതേസമയം ലൈസൻസില്ലാതെ വാഹനമോടിച്ചവർ, കോവിഡ് സുരക്ഷാ നിയമലംഘനം നടത്തിയവർ, മറ്റുള്ളവരുടെ ജീവനു ഭീഷണിയുണ്ടാക്കുന്നവിധം വാഹനമോടിച്ചവർ തുടങ്ങിയവർക്ക് ആനുകൂല്യം ലഭിക്കില്ല. കോവിഡ് പ്രതിസന്ധിമൂലമുണ്ടായ സാമ്പത്തികബുദ്ധിമുട്ടു കുറയ്ക്കുകയാണ് ലക്ഷ്യം. നിയമലംഘകർ പിഴയടച്ച് ആനുകൂല്യം എത്രയുംപെട്ടെന്നു നേടണമെന്ന് അധികൃതർ വിശദീകരിച്ചു.
റാക്കിൽ ഇളവ് ഒരാഴ്ച
റാസൽഖൈമ : ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് റാസൽഖൈമയിലും 50 ശതമാനം ഗതാഗത പിഴയിളവ് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടുമുതൽ ഒരാഴ്ചയാണ് ഇളവ്. ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.