ചെങ്ങന്നൂർ : സംസ്ഥാനസർക്കാരിന്റെ ക്രിസ്മസ് കിറ്റിനൊപ്പം ഖാദി മുഖാവരണവും വീടുകളിലെത്തും. അതിനായി രണ്ടരക്കോടി മുഖാവരണം തയ്യാറാക്കി സപ്ലൈകോയ്ക്കു നൽകിയെന്നു ഖാദിബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാജോർജ് പറഞ്ഞു.
മുഖാവരണം തുന്നിയതിലൂടെ കോവിഡുകാലത്ത് 23,000 സ്ത്രീകൾക്കു തൊഴിൽനൽകാൻ സാധിച്ചു.
ഖാദിയുടെ പ്രോത്സാഹനത്തിനു ഡിസംബർ അഞ്ചുമുതൽ 'ഖാദിമെൻ ദി ഇയർ-2020' മത്സരങ്ങൾ ഓൺലൈനിൽ തുടങ്ങും. ഖാദിവസ്ത്രമണിഞ്ഞ മത്സരാർഥികളുടെ മൂന്നുസെക്കൻഡ് വീഡിയോയും രണ്ടുഫോട്ടോയും secretarykkvib@gmail.com എന്ന മെയിലിൽ അയക്കണം. മത്സരം 15-നു സമാപിക്കും.
ഓൺലൈൻ വോട്ടെടുപ്പിന്റെയും വിധികർത്താക്കളുടെ മാർക്കിന്റെയും അടിസ്ഥാനത്തിൽ 20-നു ഫലപ്രഖ്യാപനം നടത്തും. മികച്ച മൂന്നുപേർക്കു പർച്ചേസ് കൂപ്പണും മറ്റുസമ്മാനങ്ങളും നൽകും. ക്രിസ്മസിന് അന്താരാഷ്ട്രനിലവാരത്തിലുള്ള ഖാദിവസ്ത്രങ്ങൾ പുറത്തിറക്കുമെന്നും ശോഭനാജോർജ് അറിയിച്ചു.