ദുബായ് : സിനോഫാമുമായി ചേർന്ന് യു.എ.ഇ. സ്വന്തമായി വികസിപ്പിച്ച ഹയാത്ത് വാക്‌സ് എന്ന കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന് തയ്യാറായി.

യു.എ.ഇ.യിലെ താമസക്കാരായ 18 വയസ്സിന് മുകളിലുള്ളവർക്കാണ് നിലവിൽ വാക്സിൻ നൽകുക. ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. വിവിധ ഘട്ടങ്ങളിലായാണ് വാക്സിൻ നൽകുക. ജി.സി.സി. പൗരൻമാർ, പ്രവാസികൾ, യു.എ. ഇ. പൗരൻമാർ, തൊഴിലാളികൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് വിതരണം തരംതിരിച്ചിരിക്കുന്നത്.

സിനോഫാം, അബൂദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി 42 എന്നിവ സംയുക്തമായാണ് മേഖലയിലെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിൻ നിർമിച്ചിരിക്കുന്നത്.

റാസൽഖൈമയിലെ മരുന്ന് കമ്പനിയായ ജുൽഫാറിന്റെ പ്ലാന്റിലാണ് നിർമാണം. ചൈനീസ് വാക്സിനായ സിനോഫാമിന്റെ അതേ സാങ്കേതിക വിദ്യയാണ് ഹയാത്ത് വാക്സിലും ഉപയോഗിച്ചിരിക്കുന്നത്.

12 വയസ്സും അതിന് മുകളിലുമുള്ളവർക്ക് ഫൈസർ ബയോഎൻടെക്ക് വാക്സിനാണ് നൽകുന്നത്. ആദ്യ ഡോസ് എടുത്ത അതേ എമിറേറ്റിൽ മാത്രമേ രണ്ടാം ഡോസിന് ബുക്ക് ചെയ്യാവു എന്നും അധികൃതർ വ്യക്തമാക്കി.