ദുബായ് : ടെറാ-സുസ്ഥിരതയുടെ പവിലിയൻ എന്ന പേരിലുള്ള ദുബായ് വേൾഡ് എക്സ്‌പോയിലെ ആദ്യ പവിലിയൻ പൊതുജനങ്ങൾക്കായി തുറന്നു. പ്രത്യേക പ്രമേയങ്ങളെ അടിസ്ഥാനമാക്കിയതാണ് ടെറയുടെ നിർമിതി. ഏപ്രിൽ 10 വരെയാണ് പ്രവേശനം.
ചൊവ്വ മുതൽ വ്യാഴം വരെ വൈകീട്ട് മൂന്ന് മണി മുതൽ രാത്രി ഒമ്പത് വരെയാണ് സന്ദർശനസമയം. ദിവസവും പരമാവധി 3,000 പേർക്ക് പ്രവേശിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 10 വരെയുമാണ് പ്രവേശന സമയം. ഈ ദിവസങ്ങളിൽ പരമാവധി 5,000 സന്ദർശകർക്കും പ്രവേശിക്കാൻ അനുമതിയുണ്ട്. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നിശ്ചയദാർഢ്യമുള്ളവർക്കും ഇവർക്കൊപ്പമുള്ളയാൾക്കും സൗജന്യമായി പ്രവേശിക്കാം. സ്വകാര്യ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് ഏർപ്പെടുത്തി. ചൊവ്വ മുതൽ വ്യാഴം വരെ 2.30 മുതലും വെള്ളി, ശനി ദിവസങ്ങളിൽ 3.30 മുതലും പാർക്കിങ്ങുണ്ടാകും. ഓൺലൈനിൽ വഴി ടിക്കറ്റെടുക്കാം. വെബ്‌സൈറ്റ്- ticketing.expo2020dubai.com
സൗജന്യ ബസ് സർവീസ്
ദുബായ് മാളിന് സമീപത്തെ ബസ് സ്റ്റേഷനിൽനിന്ന് ദുബായ് എക്‌സ്‌പോ വേദിയിലേക്ക് സൗജന്യ ബസ് സർവീസുണ്ട്. അര മണിക്കൂർ ഇടവിട്ടാണ് സർവീസുള്ളത്. ചൊവ്വ മുതൽ വ്യാഴം വരെ ഉച്ചക്ക് രണ്ട് മണിക്കും വെള്ളി, ശനി ദിവസങ്ങളിൽ മൂന്ന് മണിക്കുമാണ് സർവീസ് ഉണ്ടാവുക. കരീം, യൂബർ ആപ്പുവഴിയും ടാക്‌സികൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. വീൽ ചെയർ സേവനവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്- 80088088.
'ടെറ' യെ അടുത്തറിയാം
പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിത ദർശനങ്ങൾ പുതിയ ലോകത്തിന്റെ സാധ്യതകളുമായി സമന്വയിപ്പിക്കുന്ന കാഴ്ചകളാണ് സസ്‌റ്റൈനബിലിറ്റി പവലിയനായ ടെറാ തുറന്നിടുക. പ്രശസ്ത ഗ്രിംഷോ ആർക്കിടെക്ടുകളാണ് ടെറയുടെ രൂപകൽപന നടത്തിയിരിക്കുന്നത്. കവാടത്തിലെ 130 മീറ്റർ വീതിയുള്ള മേലാപ്പോടുകൂട്ടിയ പന്തൽ വേറിട്ട അവതരണമാണ്.
1055 സൗരോർജ പാനലുകൾ ഉൾക്കൊള്ളുന്നതാണ് ഇത്. നാല് ജിഗാവാട്ട് ഊർജം പ്രതിവർഷം ഇവിടെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അതായത് ഒമ്പത് ലക്ഷം മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ആവശ്യമായതിലധികം ഊർജമാണിത്. 25,000 ചതുരശ്രയടി വലിപ്പമുണ്ട് ടെറാ പവലിയന്.
ഹരിതവത്ക്കരണം, മാലിന്യ നിർമാർജനം, ജല സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് ശാസ്ത്രീയ അവബോധം സന്ദർശകർക്ക് പകരാൻ ഇവിടെയൊരുക്കിയ കാഴ്ചകൾക്ക് കഴിയും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണി മുറിഞ്ഞുപോകാതെ വരും തലമുറയിലേക്ക് ചേർത്തുവെക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് പവലിയൻ ചർച്ച ചെയ്യുന്നത്. കാർബൺ മാലിന്യത്തിന്റെ തോത് ഉയരുന്നതും പല തരം പരിസ്ഥിതികാഘാതങ്ങൾ തടയാനും ദൈനംദിന തിരഞ്ഞെടുപ്പുകൾ ഏതെല്ലാം വിധത്തിൽ ആവശ്യമാണെന്നത് ഇവിടം ചർച്ച ചെയ്യും.
ജല പുനരുപയോഗ സാധ്യതകൾ സജീവമാക്കുക വഴി ഭൂഗർഭ ജല ഉപയോഗം 75 ശതമാനമാക്കി കുറക്കാനുള്ള മാർഗങ്ങൾ പവലിയൻ വിശദീകരിക്കുന്നു. ഭാവി തലമുറക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കാൻ സഹായിക്കുന്ന പുതിയ ജീവിത പരിഹാരങ്ങളും അതിനായുള്ള ആഗോള പദ്ധതികളും ടെറാ വ്യക്തമാക്കുന്നു.
വിവിധ പ്രമേയങ്ങൾ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌പോ ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും വാങ്ങാനാവും. കളിപ്പാട്ടങ്ങൾ, കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ എന്നിവയും ഇതിലുൾപ്പെടും. എക്‌സ്‌പോക്കു മാത്രമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളാണ് ഇവയെല്ലാം.