ഷാർജ : മരുഭൂമിയിലുണ്ടായ വാഹനാപകടത്തിൽ യൂറോപ്പിൽനിന്നെത്തിയ വിനോദസഞ്ചാരി മരിച്ചു. 27 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഷാർജ അൽ ബദയർ മരുഭൂമിയിലാണ് സംഭവം. മണൽകുന്നിൽ ക്വാഡ് ബൈക്ക് പലതവണ മറിഞ്ഞുവീണതിനെതുടർന്നാണ് അപകടം. ഈ മാസം അൽ ബദയറിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ മൂന്ന് സ്വദേശികൾക്ക് പരിക്കേറ്റിരുന്നു.
അബുദാബി സൈ്വഹാൻ മരുഭൂമിയിലും കഴിഞ്ഞ ദിവസം സമാനസംഭവമുണ്ടായി. പരിക്കേറ്റയാളെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ദുബായ് പോലീസിന്റെ സഹായത്തോടെ നാഷണൽ സെർച്ച് ആൻഡ് സെർക്യൂ സെന്റർ അപകടംനടന്ന സ്ഥലം കണ്ടെത്തി ഹെലികോപ്റ്റർ എത്തിക്കുകയായിരുന്നു.