ദുബായ് : യു.എ.ഇ.യിൽ മഞ്ഞും പൊടിക്കാറ്റും ശക്തി പ്രാപിക്കുന്നു. ചിലയിടങ്ങളിൽ നേരിയതോതിൽ മഴയുള്ളതുകൊണ്ട് കൂടുതൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി. ഇതുസംബന്ധിച്ച് അബുദാബി പോലീസ് പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. വാഹനമോടിക്കുന്നവർ പാലിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചായിരുന്നു ശില്പശാല.
ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ തണുപ്പിന് കാഠിന്യമേറുമെന്നാണ് വിവരം. പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറുനിന്നുള്ള വേഗമേറിയ കാറ്റാണ് തണുപ്പേറാൻ കാരണം. മണിക്കൂറിൽ 35 കിലോമീറ്റർവരെ വേഗത്തിലായിരിക്കും കാറ്റ് വീശുക.
ഞായറാഴ്ച കാറ്റിന്റെ വേഗം 15 മുതൽ 40 വരെ കിലോമീറ്ററാകാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫ്, ഒമാൻ കടൽ പ്രക്ഷുബ്ധമായിരിക്കാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച കാറ്റിന്റെവേഗം 10 മുതൽ 30 വരെ കിലോമീറ്ററായി കുറയും. എങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥ തുടരും. കഴിഞ്ഞദിവസം കനത്ത മൂടൽമഞ്ഞിൽ കാഴ്ചപരിധി കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.