അബുദാബി : ഉപേക്ഷിച്ചതും കാലപ്പഴക്കമുള്ളതുമായ എഴുന്നൂറിലേറെ പഴയകെട്ടിടങ്ങൾ അബുദാബിയിൽ കഴിഞ്ഞവർഷം പൊളിച്ചുനീക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. കെട്ടിടസമുച്ചയങ്ങൾ, ഫ്ളാറ്റുകൾ, വില്ലകൾ, കടമുറികൾ, സംഭരണശാലകൾ എന്നിവയെല്ലാം നീക്കം ചെയ്തവയിൽ ഉൾപ്പെടും. അബുദാബി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്നവയാണ് ഇതെല്ലാം.
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ പരിശോധനയാണ് നടത്തിയിരുന്നത്. തകർന്നതും ഉപേക്ഷിച്ചതുമായ കെട്ടിടങ്ങൾ ഉടമസ്ഥർ പുതുക്കിപ്പണിയുകയോ പൊളിക്കുകയോ ചെയ്യണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം കെട്ടിടങ്ങൾ നഗരഭംഗിക്ക് കോട്ടമുണ്ടാക്കുന്നവയും സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നവയുമാണ്. ഇവ ഉടമസ്ഥർ പൊളിച്ചുനീക്കിയില്ലെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. ഇതിനായി പ്രത്യേക സംഘം രൂപവത്‌കരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.