ദുബായ് : ടി20 ലോകകപ്പ് താരങ്ങളുടെ സുരക്ഷയുറപ്പാക്കാനുള്ള ബയോ ബബിൾ കാക്കാൻ വി.പി.എസ്. ഗ്രൂപ്പ്. ഡോ.ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വി.പി.എസ്. ഹെൽത്ത്കെയറിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമാണ് ചുമതല ഏൽപ്പിച്ചത്.

കളിക്കാർ, അവരുടെ കുടുംബാംഗങ്ങൾ, സപ്പോർട്ട് സ്റ്റാഫ്, സംപ്രേഷണ സംഘം, ബി.സി.സി.െഎ., ഐ.സി.സി. ഉദ്യോഗസ്ഥർ, ഹോട്ടലിലെയും സ്റ്റേഡിയത്തിലെയും ജീവനക്കാർ, തിരഞ്ഞെടുത്ത ആരോഗ്യപ്രവർത്തകർ എന്നിവർ ടൂർണമെന്റിന്റെ അവസാനം വരെ ബയോ ബബിളിൽ തുടരും.

ഇത്തവണ ഒമ്പത് ഹോട്ടലുകളിലായി പന്ത്രണ്ട് ബയോ ബബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ദുബായിൽ ഏഴും അബുദാബിയിൽ അഞ്ചും. അടിയന്തര സാഹചര്യങ്ങളിൽ 20-30 മിനിറ്റിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കാൻ റാപ്പിഡ് ആർ.ടി.പി.സി.ആർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലവരും വാക്സിനെടുത്തിട്ടുണ്ടെങ്കിലും ടൂർണമെന്റിലുടനീളം 20,000 പി.സി.ആർ. പരിശോധന നടത്തേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 2000 പി.സി.ആർ. പരിശോധന നടത്താനുള്ള സൗകര്യം ലാബിൽ സജ്ജമാണ്.