ദുബായ് : യു.എ.ഇ.യുമായും ഒമാനുമായും മഹാരാഷ്ട്രയിലെ വെൽനസ്-ഹെൽത് കെയർ ടൂറിസം സൗകര്യങ്ങൾ എത്തിക്കാനുള്ള ധാരണാപത്രത്തിൽ മഹാരാഷ്ട്ര ഡയറക്ടറേറ്റ് ഓഫ് ടൂറിസം ആൻഡ് മെഡിക്കൽ വാല്യൂ ട്രാവൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.വി.ടി.സി.ഐ.) ഒപ്പുവെച്ചു. ബിസിനസ്, നിക്ഷേപം, വ്യാപാരം, മെഡിക്കൽ ടൂറിസം എന്നീ മേഖലകളിൽ ഗൾഫ് മേഖലയിലെ സ്ഥാപനങ്ങളുമായി ദീർഘ കാല സഹകരണം തേടുന്നുണ്ടെന്ന് മഹാരാഷ്ട്ര ടൂറിസംമന്ത്രി അദിതി തത്കറെ ദുബായിൽ പറഞ്ഞു.

സമ്പൂർണ ആരോഗ്യ സേവനങ്ങൾക്കും സ്പെഷ്യലൈസ്ഡ് ഹെൽത്ത്‌ കെയർ പ്രൊവൈഡർമാർക്കുമാവശ്യമായ ഏക ജാലക കേന്ദ്രമാണ് മഹാരാഷ്ട്ര അവതരിപ്പിക്കുന്നതെന്ന് ടൂറിസം ഡയറക്ടർ മിലിന്ദ് എൻ ബോറികർ വ്യക്തമാക്കി. ലണ്ടനിൽ അടുത്തിടെ നടന്ന ലോക വ്യാപാരമേളയിൽ പരിസ്ഥിതി ഗ്രാമ-കടുവാ പരിപാലന പ്രോജക്റ്റുകളിൽ മഹാരാഷ്ട്രയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു.

ഇതിനുപുറമേ, 1,000-ത്തിലേറെ കാർഷിക ടൂറിസം സെന്ററുകൾ സ്ഥാപിച്ചതിന്റെ പേരിൽ അന്താരാഷ്ട്ര അഗ്രോ ടൂറിസം അവാർഡും ആഗോള ഉത്തരവാദിത്വ വിനോദ സഞ്ചാര പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

എക്സ്‌പോ 2020 ദുബായിലുള്ള ഇന്ത്യൻ പവിലിയൻ മുഖേന വ്യാപാര-വാണിജ്യ കാര്യങ്ങൾക്കുപുറമേ, മഹാരാഷ്ട്ര അതിന്റെ സാംസ്കാരിക-വിനോദ സഞ്ചാരസാധ്യതകളും പ്രദർശിപ്പിക്കുന്നുണ്ട്.