ദുബായ് : വിപുലമായ ദേശീയദിനാഘോഷങ്ങൾക്കൊരുങ്ങി ദുബായ് നഗരം. വാരാന്ത്യ അവധിയടക്കം നാലുദിവസം അവധിലഭിക്കുമെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഡിസംബർ ഒന്നുമുതൽ നാലുവരെയായിരിക്കും ദേശീയദിന അവധി ലഭിക്കുക.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ട്, ഷോപ്പിങ്‌ മാമാങ്കങ്ങൾ എന്നിവയെല്ലാം യു.എ.ഇ. സുവർണജൂബിലിയാഘോഷത്തിന്റെ മാറ്റുകൂട്ടും.

ഡിസംബർ രണ്ടുമുതൽ 11 വരെ ദുബായ് ഫെസ്റ്റിവൽസ് ആൻഡ്‌ റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്വത്തിലുള്ള ദേശീയദിനാഘോഷങ്ങൾ നടക്കും. ദി പാമിലെ അറ്റ്‌ലാന്റിസ്, ദി പോയന്റ്, ബ്ലൂവാട്ടേഴ്‌സ്, സൺസെറ്റ് മാളിനുപുറകിലെ ജുമൈറ ബീച്ചിലെ ഇത്തിസലാത്ത് ബീച്ച് കാന്റീൻ, ലാമെർ, ബുർജ് അൽ അറബ് എന്നിവിടങ്ങളിൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ രാത്രി എട്ട്, എട്ടര, ഒമ്പത് മണികളിലായി വെടിക്കെട്ട് നടക്കും.

മാജിദ് അൽ ഫുതൈം മാൾ, ദുബായ് ഫെസ്റ്റിവൽ സിറ്റിമാൾ, ദുബായ് മാൾ, ദുബായ് ഔട്ട്‌ലെറ്റ് മാൾ എന്നിവിടങ്ങളിൽ ഡിസംബർ 13 വരെ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകൾ നൽകും.

500,000 ലക്ഷം ദിർഹത്തിന്റെ സമ്മാനപദ്ധതിയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. www.idealz.com ൽ നിന്ന്‌ 50 ദിർഹത്തിന് യുബെൽ ബാഡ്ജ് വാങ്ങുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്കാണ് സമ്മാനം ലഭിക്കുക. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണവുമുണ്ടാകും.

ഇത്തിസലാത്ത് ബീച്ച് കാന്റീൻ നവംബർ 25 മുതൽ ഡിസംബർ 11 വരെ വ്യത്യസ്ത രുചികളുടെ മേളയൊരുക്കും. സൺസെറ്റ് മാളിന് പുറകിലുള്ള ജുമൈറ ബീച്ചിലെത്തി സന്ദർശകർക്ക് ലോകരുചികൾ പങ്കിടാം. അൽ ഖവനീജ് വാക്ക്, മിർദിഫ് സിറ്റി സെന്റർ, ദുബായ് മാൾ, സിറ്റി വാക്ക്, നഖീൽ മാൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഇത്തിസലാത്ത് ബീച്ച് കാന്റീൻ എന്നിവിടങ്ങളിൽ ഡിസംബർ രണ്ടുമുതൽ 11 വരെ അയാല, അൽ ഹെർബിയ അവതരണങ്ങൾ തത്സമയം അരങ്ങേറും.

രാഷ്ട്ര പുരോഗതിയുടെ 50 വർഷങ്ങളാണ് സുവർണജൂബിലിയുടെ ഭാഗമായി ആഘോഷിക്കപ്പെടുന്നതെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ്‌ റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ. അഹമ്മദ് അൽ ഖാജ പറഞ്ഞു. യു.എ.ഇ.യുടെ ഏറ്റവും സുപ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ഇതെന്നും സമാനതകളില്ലാത്ത പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷാർജയിലും ആഘോഷത്തിന്റെ പൊടിപൂരം

ഷാർജ : സുവർണജൂബിലിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ കൂടുതൽ വിവരങ്ങൾ ഷാർജ പുറത്തുവിട്ടു. ഈ മാസം 26, 28, 29 തീയതികളിൽ കൽബ, അൽ ബത്ത, വാദി അൽ ഹെലോ എന്നിവിടങ്ങളിൽ വിവിധ പരിപാടികളുണ്ടാകും. ക്ലാസിക് കാർ പരേഡ്, ഫാൽക്കൺറി, ഹെറിറ്റേജ് ഷോകൾ എന്നിവയും ഷാർജയുടെ 50 വർഷത്തെ പുരോഗതിയുടെയും പൈതൃകത്തിന്റെയും വിവരങ്ങളും പ്രദർശിപ്പിക്കും. വിവിധ നാടോടി നൃത്തകലാരൂപങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം.

ഈ മാസം 26-ന് കൽബയിൽ കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും. വൈകീട്ട് നാല് മണിക്കാണ് ആഘോഷങ്ങൾ ആരംഭിക്കുക. ക്ലാസിക് കാർ, ബൈക്ക് പരേഡ് എന്നിവയുമുണ്ടാകും. ഇമിറാത്തി ഗായകൻ ഫൈസൽ അൽ ജാസിമിന്റെ സംഗീതക്കച്ചേരിയും അരങ്ങേറും. 28-ന് അൽ ബത്തായിയിൽ വിവിധ സാംസ്കാരിക പരിപാടികളുണ്ടാകും. അൽ മതാഫ് അസോസിയേഷൻ അവതരിപ്പിക്കുന്ന ഹെറിറ്റേജ് ഷോകൾ, വാർഷിക പരേഡ്, വിവിധ പ്രദർശനങ്ങൾ എന്നിവയുണ്ടായിരിക്കും. വാദി അൽ ഹെലോയുടെ ദേശീയ ദിനാഘോഷങ്ങൾ ദിബ്ബ അൽ ഹർബിയിൽ നടക്കും. 29-ന് വൈകീട്ട് നാല് മുതൽ ബാൻഡ് പ്രകടനം, ഫാൽക്കണുകളെ അടുത്ത് കാണാൻ അവസരം എന്നിവയും ഒരുക്കുന്നുണ്ട്. ഷാർജയുടെ എല്ലാ ഭാഗങ്ങളിലും ആഘോഷപരിപാടികൾ ആസ്വദിക്കാനാവും.