ദുബായ് : എക്സ്‌പോ 2020 ഇന്ത്യാ പവിലിയന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സിന്റെ (എ.ഐ.എ) ‘മോസ്റ്റ് ഐക്കണിക്’ നിർമിതി അംഗീകാരം. ഉദ്ഘാടനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോൾ മൂന്നര ലക്ഷം സന്ദർശകരാണ് ഇന്ത്യാ പവിലിയനിൽ സന്ദർശനം നടത്തിയത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും പ്രത്യേകതകളും പവിലിയനിലൂടെ പ്രദർശിപ്പിക്കുക മാത്രമല്ല, വലിയ സാധ്യതകളും ഇത് ലോകത്തിനുമുമ്പിൽ തുറന്നിടുന്നതായി എ.ഐ.എ. പ്രസിഡന്റ് ഡാനിയൽ എസ്. ഹാർട്ട് പറഞ്ഞു.

സുസ്ഥിരരീതികളിലൂടെ ഭൂമിയുടെ സുരക്ഷയുറപ്പാക്കുക എന്ന ആശയത്തിലാണ് എ.ഐ.എ. പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ചലനാത്മകതയെയും വൈവിധ്യങ്ങളെയും പ്രതിനിധീകരിക്കുന്ന 600 ചതുരങ്ങൾ ചേർത്താണ് പവിലിയന്റെ പുറംഭാഗം നിർമിച്ചിരിക്കുന്നത്. നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇവയിൽ ഇന്ത്യയുടെ പ്രത്യേകതകൾ അവതരിപ്പിക്കപ്പെടുന്നു. 1.2 ഏക്കർ സ്ഥലത്താണ് ഇത് നിർമിച്ചിരിക്കുന്നത്. ‘മനസ്സുകളെ ബന്ധിപ്പിച്ച് ഭാവിയെ വാർത്തെടുക്കുന്നു’ എന്ന ആശയത്തിലാണ് ഈ നിർമിതിയുള്ളതെന്നും അംഗീകാരം അഭിമാനം പകരുന്നതാണെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമാൻ പുരി പറഞ്ഞു.