ദുബായ് : യു.എ.ഇ.യിലെ ദീർഘകാല താമസവിസയായ ഗോൾഡൻ വിസ ദുബായിൽ മാത്രമായി നേടിയത് 44,000-ത്തോളം പ്രവാസികൾ.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയാണ് ഇക്കാര്യം അറിയിച്ചത്. 2019-ൽ ഗോൾഡൻ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതൽ ഇതുവരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഭകളെ യു.എ.ഇ.യിലേക്ക് ആകർഷിക്കാനും അവർക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കാനുമാണ് രാജ്യം ഗോൾഡൻ വിസ നൽകുന്നത്. 10 വർഷം കാലാവധിയുള്ള ഗോൾഡൻ വിസ കാലാവധി കഴിയുന്നതിന് അനുസരിച്ച് ദീർഘിപ്പിച്ചുനൽകും.

നിക്ഷേപകർ, സംരംഭകർ, വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകർ, മികച്ച വിദ്യാർഥികൾ എന്നിവർക്കായാണ് തുടക്കത്തിൽ ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നത്. പിന്നീട്

കൂടുതൽ പേർക്ക് ലഭിക്കുന്ന തരത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം യു.എ.ഇ. കൂടുതൽ പേർക്കായി വാതിൽതുറന്നതോടെ സന്ദർശകരുടെ എണ്ണത്തിലും വർധനയായി.

ദുബായ് വിമാനതാവളം വഴി പ്രതിദിനം ഒന്നരലക്ഷത്തിന് മുകളിൽ യാത്രക്കാരാണ് വന്നു പോകുന്നതെന്നും അൽ മർറി പറഞ്ഞു.