അബുദാബി : അപകടസാധ്യത കൂടിയ കോവിഡ് ബാധിതരായ 23,000 പേരിൽ സോട്രോവിമാബ് മരുന്ന് പരീക്ഷിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ 97.3 ശതമാനം പേരും അഞ്ചുമുതൽ ഏഴുദിവസത്തിനകം രോഗമുക്തി നേടിയതായി റിപ്പോർട്ടുകൾ വ്യക്തമാകുന്നു.

ഗ്ലാക്സോസ്മിത്ക്ലിൻ വികസിപ്പിച്ച മരുന്ന് കോവിഡിനെതിരെ എത്രമാത്രം ഫലപ്രദമാണെന്ന ഗവേഷണങ്ങൾ നടന്നുവരുകയാണ്. അബുദാബി ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കിയ പ്രവർത്തനങ്ങളിലൂടെ അന്താരാഷ്ട്ര സമൂഹവുമായി ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പങ്കിടുകയാണ് എമിറേറ്റ്. ആഗോളതലത്തിൽ ജൂണിൽ തന്നെ ആദ്യമായി സോട്രോവിമാബ് മരുന്നുകൾ ലഭിച്ച സ്ഥലങ്ങളിൽ ഒന്നാണ് അബുദാബി. ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറി ഡോ.ജമാൽ മുഹമ്മദ് അൽ കാബിയും ജി.എസ്.കെ. ഗ്രോത്ത് എമർജിങ് മാർക്കറ്റ് സീനിയർ വൈസ് പ്രസിഡന്റ് ജെയിംസ് ഗ്രീൻഹാൽഗും തമ്മിലൊപ്പിട്ട ഉടമ്പടി പ്രകാരമാണിത്. പ്രാദേശിക ആരോഗ്യമേഖലയിലേക്ക് സോട്രോവിമാബ് ലഭ്യമാക്കുന്നതിനും ഇത് സഹായകമായി.

കോവിഡിന്റെ തുടക്കം മുതൽ പ്രാദേശിക അന്തർദേശീയ മരുന്നുനിർമാണ കമ്പനികളുമായി പങ്കാളിത്തത്തിലേർപ്പെടാനും ഏറ്റവും മികച്ചതും വ്യക്തികേന്ദ്രീകൃതവുമായ പരിചരണം വൈറസ് ബാധിതർക്ക് ലഭ്യമാക്കാനും അബുദാബിക്ക് കഴിഞ്ഞിട്ടുണ്ട്.

അടുത്തിടെ ഒപ്പുവെച്ച ഉടമ്പടി പ്രകാരം ക്ലിനിക്കൽ പരീക്ഷണത്തിനുശേഷമുള്ള മരുന്നിനെക്കുറിച്ചുള്ള കൃത്യമായ പഠനത്തിലൂടെ അന്താരാഷ്ട്ര ആരോഗ്യസംരക്ഷണ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാനും അബുദാബിക്ക് സാധിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആരോഗ്യമേഖലയിൽ സ്വകാര്യ - പൊതുപങ്കാളിത്തത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അബുദാബിയുടെ സ്ഥാനം ആഗോളതലത്തിൽ ഉയർത്താൻ കഴിഞ്ഞതായി ജമാൽ മുഹമ്മദ് അൽ കാബി പറഞ്ഞു.

ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെയും നൂതന ചികിത്സാ സംവിധാനങ്ങളിലൂടെയും അബുദാബിയിൽ മികച്ച ആരോഗ്യപരിചരണ സംസ്കാരം വാർത്തെടുക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.