ദുബായ് : റീട്ടെയിൽ ഫാർമസിക്കുള്ളിൽ ഒരു ഡോക്ടർ ക്ലിനിക്ക് എന്ന പുതിയ ആശയവുമായി യു.എ.ഇ.യിലെ ആദ്യ ‘ആസ്റ്റർ എക്സ്‌പ്രസ്’ എക്സ്‌പോ 2020 വില്ലേജിൽ പ്രവർത്തനമാരംഭിച്ചു. വേഗത്തിൽ മെഡിക്കൽ പരിചരണം ലഭ്യമാക്കി ഏറ്റവുംകുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മരുന്ന് സ്വീകരിക്കാനും ആസ്റ്റർ എക്സ്‌പ്രസിലൂടെ സാധിക്കും.

എക്സ്‌പോ 2020 വില്ലേജിലെ താമസക്കാർക്കും എക്സ്‌പോ സന്ദർശകർക്കും ആവശ്യമായ ഹെൽത്ത്-വെൽനസ് സേവനങ്ങളും ഇവിടെ ലഭ്യമാവും. ആവശ്യമെങ്കിൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുള്ള സ്ഥാപനങ്ങളിലേക്ക് രോഗികളെ റഫർചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിലെ വെല്ലുവിളികൾ മറികടക്കാനുമുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ നീക്കങ്ങളുടെ ഭാഗമാണ് ആസ്റ്റർ എക്സ്‌പ്രസ് എന്ന പുതിയ ആശയമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ്‌ ക്ലിനിക്ക്‌സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോക്ടർ ഷെർബാസ് ബിച്ചു പറഞ്ഞു. ഇതിലൂടെ വെർച്വൽ ചെക്ക് ഇൻ അപ്പോയന്റ്‌മെന്റ് ബുക്കിങ്, കൺസൾട്ടേഷൻ, മരുന്ന് വിതരണം എന്നീ മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗപ്പെടുത്താമെന്ന് ആസ്റ്റർ ഫാർമസി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എൻ.എസ്. ബാലസുബ്രമണ്യൻ അറിയിച്ചു.

ഫാർമസി, ക്ലിനിക്ക് സേവനങ്ങൾ ഒരൊറ്റ സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് ആസ്റ്റർ എക്സ്‌പ്രസ് എന്ന ആശയം.