ദുബായ് : ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദുബായ് നടപ്പാക്കിയത് 14,000 കോടി ദിർഹത്തിന്റെ അടിസ്ഥാനസൗകര്യ വികസനം. പ്രധാനമായും റോഡുകളുടെ നവീകരണം, നിർമാണം, പാലങ്ങളുടെയും റൗണ്ടബൗട്ടുകളുടെയും നിർമാണം എന്നിവയാണ് ദുബായ് 2006 മുതൽ നടപ്പാക്കിയത്. 2006 മുതൽ 2020 വരെ നടന്ന റോഡ് വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 8,715 ലൈൻ കിലോമീറ്ററിൽനിന്ന് 18,255 ലൈൻ കിലോമീറ്ററിൽ എത്തിക്കാനായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പർട്ട്‌ അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു. അൽ മനാമ, അൽ മെയ്ദാൻ സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ പാലമാണ് പദ്ധതിയുടെ ഭാഗമായി ഏറ്റവുമൊടുവിൽ പൂർത്തിയായത്. ഇതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന റൗണ്ടബൗട്ട് നീക്കം ചെയ്യുകയും ചെയ്തു. മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമുള്ള പാലമാണിത്.

അൽ ഖുദ്‌റ തടാകത്തിലേക്കുള്ള റോഡിൽ ജൂലായിൽ നവീകരണ പ്രവർത്തനം നടന്നിരുന്നു. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഇവിടേക്കുള്ള യാത്ര സുഖകരമാക്കാൻ ഇതിലൂടെ കഴിഞ്ഞു. നിലവിലുള്ള ഒറ്റവരിപ്പാതയ്ക്ക് പകരമായി 11 കിലോമീറ്റർ രണ്ടുവരി പ്പാതയും സജ്ജമാക്കി. പദ്ധതി പൂർണമാകുന്നതോടെ എല്ലാ ഭാഗത്തുനിന്നും അൽ ഖുദ്‌റയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന മൂന്ന് റൗണ്ടബൗട്ടുകളും ഉയരും. ബർദുബായ്, അൽ ഖലീജ് സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖതാബ് സ്ട്രീറ്റ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രയും സുഖകരമാക്കാൻ പദ്ധതി സഹായകമാകും. അൽ ഖവനീജ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡിൽ ഇരുഭാഗത്തേക്കും മൂന്നുവരിയുള്ള അണ്ടർപാസും പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്.

അൽ അവീർ ദിശയിൽ അൽ അമർദി, എമിറേറ്റ്‌സ് റോഡ് ചേരുന്ന ഭാഗത്ത് രണ്ടുപാലങ്ങളും സജ്ജമായി. ഷാർജ ദുബായ് യാത്ര 25 മിനിറ്റിൽനിന്ന് ഒമ്പത് മിനിറ്റാക്കി കുറയ്ക്കാൻ ഇതിലൂടെ കഴിയും.