അബുദാബി : 22 ബില്യൺ ബാരൽ ശേഷിയുള്ള പുതിയ എണ്ണ ശേഖരം അബുദാബിയിൽ കണ്ടെത്തി.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽനടന്ന ഓൺലൈൻ യോഗത്തിൽ യു.എ.ഇ. സുപ്രീം പെട്രോളിയം കൗൺസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ചുവർഷത്തേക്ക് മൂലധനനിക്ഷേപം 448 ബില്യൺ ദിർഹമായി ഉയർത്തുന്ന അഡ്‌നോക് ബിസിനസ് പദ്ധതിക്കും കൗൺസിൽ അംഗീകാരം നൽകി.

കമ്പനിയുടെ വളർച്ചയിൽ നിർണായകസ്വാധീനം ചെലുത്തുന്നതാവും ഇത്. ഈ പദ്ധതിയിലൂടെ 2021-25 കാലയളവിൽ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് 160 ബില്യൺ ദിർഹമാണ് സംഭാവന ചെയ്യാൻ കഴിയുക. പ്രാദേശിക മൂല്യമുയർത്തുക, സ്വകാര്യമേഖലയിലെയും അന്താരാഷ്ട്രരംഗങ്ങളിലെയും കമ്പനികളുമായി സഹകരിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് വഴിയൊരുക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.