ഷാർജ : ഖോർഫക്കാൻ അൽ റാഫിസ അണക്കെട്ടിൽ പുതിയ സൗകര്യങ്ങൾ ഒരുങ്ങുന്നു. ഷാർജ-ഖോർഫക്കാൻ ഹൈവേയിലെ മനോഹരമായ അണക്കെട്ടിനുസമീപം കുടുംബങ്ങൾക്ക് ഒത്തുചേരുന്നതിന് പ്രത്യേക സ്ഥലവും ബാർബിക്യൂ സൗകര്യവും ഉണ്ടാകും. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അണക്കെട്ട് സന്ദർശിച്ച് പുരോഗതി വിലയിരുത്തി. സ്ഥലക്ക് അധിക പാർക്കിങ് സ്ഥലങ്ങളും വിശ്രമമുറികളും ചേർക്കണമെന്ന് ഭരണാധികാരി നിർദേശിച്ചു. നിലവിലുള്ള പാർക്കിങ് ഇടങ്ങളെയും അൽ റാഫിസ വാട്ടർ ചാനലിനെയും ബന്ധിപ്പിക്കുന്ന പ്രത്യേക പാതയും കൂട്ടിച്ചേർക്കും. ഇത് സന്ദർശകർക്ക് പ്രവേശനം കൂടുതൽ എളുപ്പമാക്കും.

ഉടൻ തുറക്കാനിരിക്കുന്ന ഖോർഫക്കാൻ ആംഫി തിയേറ്ററും ശൈഖ് സുൽത്താൻ സന്ദർശിച്ചു. 400,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പദ്ധതി വരുന്നത്.

പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ അദ്ദേഹം നിർദേശം നൽകി. ഖോർ ഫക്കാൻ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങോടെയായിരിക്കും ആംഫി തിയേറ്റർ തുറക്കുക. ഷാർജ-ഖോർഫക്കാൻ റോഡ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ഖോർഫക്കാനിൽ പോർച്ചുഗീസുകാരുടെ അധിനിവേശ കാലഘട്ടത്തിൽ നടന്ന കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നതാണ് ചിത്രം.