അബുദാബി : വിനോദസഞ്ചാര മേഖലയിലെ സാധ്യതകളെ കണ്ടെത്തുന്നതിനും ലോകസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തി കൂടുതൽ സഞ്ചാരികളെ അബുദാബിയിലേക്ക് എത്തിക്കുന്നതിനുമായി പുതിയ കമ്പനി രൂപവത്‌കരിച്ചു. ടൂറിസം 365 എന്ന കമ്പനിയാകും ഇനി വിനോദസഞ്ചാര മേഖലയിലെ വിവിധ സർക്കാർ സ്വകാര്യ ഏജൻസികളെ കൂട്ടിയിണക്കി സഞ്ചാരികൾക്ക് അതുല്യമായ അനുഭവം പ്രധാനംചെയ്യുന്നതിന് പദ്ധതികൾ നടപ്പാക്കുക. അബുദാബി നാഷണൽ എക്സിബിഷൻസ് കമ്പനിയാണ് ടൂറിസം 365 എന്ന പുതിയ സ്ഥാപനത്തിന് രൂപംനൽകിയിരിക്കുന്നത്.

പ്രാദേശിക, അന്താരാഷ്ട്ര രംഗത്തെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്ന ചുമതല പുതിയ കമ്പനിയിൽ നിക്ഷിപ്തമാണ്. കാപിറ്റൽ എക്സ്പീരിയൻസ്, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ്, കാപിറ്റൽ ട്രാവൽ എന്നീ മേഖലകളിൽ പുതിയ നിലവാരത്തിലുള്ള യാത്രാനുഭവങ്ങൾ പുതിയ കമ്പനി പ്രദാനംചെയ്യും.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും ശ്രദ്ധേയ ലക്ഷ്യസ്ഥാനമായി അബുദാബിയെ മാറ്റിയെടുക്കുക, കൂടുതൽ സഞ്ചാരികളെ ഇവിടേക്ക്‌ കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കുക എന്നിവ പുതിയ കമ്പനിയുടെ ചുമതലയാകും.