ദുബായ് : ലോക മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് സംഘടിപ്പിച്ച അന്താരാഷ്ട്ര മലയാളപ്രസംഗമത്സരം യു.എ.ഇ.യിൽ നടന്നു. ഇന്ത്യ, യു.എസ്., സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഓൺലൈൻ വേദിയിൽനടന്ന പരിപാടിയിൽ അന്താരാഷ്ട്ര പ്രസംഗം, പ്രസംഗ അവലോകന മത്സരം, നർമപ്രസംഗ മത്സരം, തത്സമയ വിഷയപ്രസംഗം എന്നീ ഇനങ്ങൾ അരങ്ങേറി.

കവി വി. മധുസൂദനൻ നായർ, പ്രൊഫ. ജോർജ് ഓണക്കൂർ എന്നിവർ മുഖ്യാതിഥികളായി. തേജസ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് യു.എ.ഇ.യുടെ ബോബി അബ്രഹാം അന്താരാഷ്ട്ര പ്രസംഗത്തിലും അനൂപ് അനിൽ ദേവൻ തത്സമയ വിഷയ പ്രസംഗമത്സരത്തിലും ഒന്നാമതെത്തി. പ്രസംഗ അവലോകന മത്സരത്തിൽ മോഹനചന്ദ്രൻ (അനന്തപുരി ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് ഇന്ത്യ), നർമപ്രസംഗമത്സരത്തിൽ അമീനാ റസീൻ (എഫ്.സി.സി വനിതാ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് ഖത്തർ) മുതലായവരും ഒന്നാംസ്ഥാനം കരസ്ഥമാക്കി.

വിജയികൾക്ക് സാക്ഷ്യപത്രം ഉൾപ്പെടെ ആദരവ് സമ്മാനിച്ചു. ദീപാ സുരേന്ദ്രൻ, അനിൽ വിദ്യാധരൻ, സഫയർ മുഹമ്മദ്, വിജി ജോൺ, ബിജു നായർ, ഷനിൽ പള്ളിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുൻലോക ടോസ്റ്റ്മാസ്റ്റേഴ്‌സ് അന്താരാഷ്ട്രപ്രസംഗ മത്സരവിജയി മനോജ് വാസുദേവൻ ആശംസകൾ നേർന്നു.