ദുബായ് : ലോകത്തിലെ ഏറ്റവുംവലിയ ഇൻഹൗസ് എയർപോർട്ട് കോവിഡ് ആർ.ടി. പി.സി.ആർ. ടെസ്റ്റിങ് ലാബുകളിലൊന്ന് ദുബായിൽ തുറക്കുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിന് സമീപമാണ് ലാബ് തുറക്കുന്നത്. 20,000 ചതുരശ്രയടിയിലുള്ള ലബോറട്ടറിയിൽ പ്രതിദിനം ഒരു ലക്ഷം സാമ്പിളുകൾ ശേഖരിക്കാനും ഏതാനും മണിക്കൂറുകൾകൊണ്ടുതന്നെ ഫലങ്ങൾ നൽകാനും കഴിയുമെന്ന് എയർപോർട്ട് വക്താവ് അറിയിച്ചു. ഏറ്റവും നൂതന കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിങ് ഉപകരണങ്ങളാണ് ഉപയോഗിക്കുക. ദുബായ് എയർപോർട്ട്, ഹെൽത്ത് അതോറിറ്റി, ലാബ് ഓപ്പറേറ്റർ പ്യുവർ ഹെൽത്ത് എന്നിവ സഹകരിച്ചാണ് ലാബ് പ്രവർത്തിക്കുക. ഇത് ആരോഗ്യ അധികാരികളും എയർലൈനുകളും തമ്മിൽ വിവരങ്ങൾ എളുപ്പത്തിൽ കൈമാറുന്നതിന് സഹായകരമാകും.

വ്യോമഗതാഗതം സാധാരണഗതിയിലാവുന്നതിന് മുന്നോടിയായാണ് തയ്യാറെടുപ്പുകൾ. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന നിലയിൽ വേനൽക്കാല അവധിയും അടുത്തെത്തിയതോടെ തിരക്ക് വർധിക്കാനും സാധ്യതയുണ്ട്. യാത്ര സുഗമവും സുരക്ഷിതവുമാക്കാനാണ് തയ്യാറെടുപ്പുകളെന്ന് ദുബായ് എയർപോർട്ട് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.

ടെർമിനൽ വൺ തുറക്കുന്നതിന് മുന്നോടിയായി 3500-ഓളം അധിക ജീവനക്കാരെ നിയമിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 15 മാസമായി ഭാഗികമായി മാത്രം പ്രവർത്തിച്ചിരുന്ന ദുബായ് വിമാനത്താവളം ടെർമിനൽ വൺ ബുധനാഴ്ച പൂർണശേഷിയിൽ തുറന്നുപ്രവർത്തിക്കും.