അബുദാബി : ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ.) അബുദാബിയിൽ നിർമിക്കുന്ന ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അഞ്ചുലക്ഷം ദിർഹം (ഒരു കോടി രൂപ) സഹായം നൽകി. അബുദാബി സി.എസ്.ഐ. പാരിഷ് വികാരി റവ. ലാൽജി എം. ഫിലിപ്പ് യൂസഫലിയിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി. സി.എസ്.ഐ. മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബു മുറൈഖയിൽ അനുവദിച്ച 4.37 ഏക്കർ ഭൂമിയിലാണ് ദേവാലയം ഉയരുന്നത്. നിർമാണം പുരോഗമിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രത്തിന് സമീപമാണിത്.

എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യു.എ.ഇ.യിൽ വ്യത്യസ്ത മതക്കാർക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് ഭരണാധികാരികൾ ഉറപ്പുനൽകുന്നതെന്ന് യൂസഫലി പറഞ്ഞു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സഹിഷ്ണുതാ ആശയങ്ങളാണ് ഭരണകൂടം പിന്തുടരുന്നത്. അബുദാബിയിലെ നഗരഹൃദയത്തിലുള്ള പള്ളിക്ക് യേശുക്രിസ്തുവിന്റെ മാതാവിന്റെ പേരിട്ടത് (മറിയം ഉമ്മുൽ ഈസാ അഥവാ യേശുവിന്റെ മാതാവ് മറിയം മസ്ജിദ്) അതിന്റെ ഉത്തമോദാഹരണമാണ്. സാഹോദര്യത്തിന്റെയും മാനവികതയുടെയും സമാധാനത്തിന്റെയും മാതൃകയാണ് ഇതിലൂടെ ലോകത്തിനുമുന്നിൽ യു.എ.ഇ. പ്രകടമാക്കുന്നതെന്നും യൂസഫലി പറഞ്ഞു.

15,000 ചതുരശ്രയടി വിസ്‌തൃതിയിലുള്ള ദേവാലയത്തിൽ 750 പേർക്ക് ഒരേസമയം പ്രാർഥന നടത്താനാവും. 2021 അവസാനത്തോടെ നിർമാണം പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.