ഗ്നിശിഖപോലെ പ്രകാശിക്കുന്ന മനസ്സുള്ളവൾ സുമിത്ര! ശുഭപ്രതീക്ഷയുടെയും ഉറച്ചഭക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം! മിതഭാഷിണി, ബുദ്ധിമതി, ജ്ഞാനവൃദ്ധ! -ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ ചേരും, കാശിരാജപുത്രിയായ സുമിത്രയ്ക്ക്! ദശരഥന്റെ മനസ്സിൽ പട്ടമഹിഷിയായ കൗസല്യക്കും ഇഷ്ടപത്നിയായ കൈകേയിക്കുമുള്ള സ്ഥാനം തനിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, പരാതിയോ പരിഭവമോ ഇല്ലാതെ ആത്മാർഥമായി ഭർത്താവിനെ സ്നേഹിച്ച സതീരത്നം. പുത്രകാമേഷ്ടിപ്രസാദമായ പായസം മൂന്നു പത്നിമാർക്കായി പങ്കുവെച്ചു നൽകിയ ദശരഥൻ, അവശേഷിച്ച ഒരു ഭാഗംകൂടി അന്നോളം തന്നോട് ഒരാഗ്രഹവും ഉന്നയിച്ചിട്ടില്ലാത്ത സുമിത്രയ്ക്കു നൽകിയപ്പോൾ, അത് അദ്ദേഹത്തിൽനിന്നുണ്ടായ ഒരു പ്രായശ്ചിത്തമാകുകയും ചെയ്തു. അന്ത്യവേളയിൽ, സുമിത്രയുടെ സാമീപ്യമാണ് അദ്ദേഹത്തിന് അല്പമെങ്കിലും ആശ്വാസം പകർന്നത്. രാമന്റെ സ്വത്വത്തെ മുൻകൂട്ടി തിരിച്ചറിയാനുള്ള ഉൾക്കാഴ്ചയുണ്ടായിരുന്നു സുമിത്രയ്ക്ക്. അതിനാൽ ലക്ഷ്മണനെ രാമനൊപ്പം വനത്തിലേക്കയക്കാൻ ആ അമ്മയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വരുന്നില്ല. ‘‘ലക്ഷ്മണാ, നിന്നെപ്പോലെ ഭ്രാതൃഭക്തിയുള്ള ഒരു പുത്രനു ജന്മം നൽകാനായ ഞാൻ ധന്യയും ഭാഗ്യവതിയുമാണ്. നിന്നെയോർത്ത് ഈ അമ്മ അഭിമാനം കൊള്ളുന്നു. സൂര്യവംശത്തിന്റെ ധർമം പാലിക്കാൻ നിയോഗിക്കപ്പെട്ടവനാണ് നീ. ധൈര്യമായിട്ട് ജ്യേഷ്ഠനോടൊപ്പം വനത്തിലേക്കു ഗമിക്കുക. രാമനെ നിന്റെ ഗുരുവായും താതനായും രാജാവായും കരുതി സേവിക്കുക. സീതയെ മാതാവായിക്കരുതി പൂജിക്കുക. രാമന്റെ സാന്നിധ്യം അടവിയെ അയോധ്യയാക്കും. നിനക്ക് സർവമംഗളങ്ങളും സിദ്ധിക്കട്ടെ. ഞാൻ ഇന്നുമുതൽ കൗസല്യാദേവിയെയും വന്ദ്യകാന്തൻ ദശരഥനെയും സേവിച്ചു കഴിഞ്ഞുകൊള്ളാം. നിന്റെ പത്നി ഊർമിള ഞങ്ങളുടെ മകളായി ഞങ്ങളോടൊപ്പം കഴിഞ്ഞുകൊള്ളട്ടെ.’’ എന്നത്രേ അവർ പുത്രനോടു പറയുന്നത്.

സുമിത്ര ഒരിക്കലും വികാരത്തിനധീനയാകുന്നില്ല. ഏതു പ്രതിസന്ധിയെയും വിവേകപൂർവം നേരിടാനുള്ള ആത്മവിശ്വാസമുണ്ട് അവർക്ക്. പുത്രവിരഹത്തിൽ തളർന്നുപോയ കൗസല്യയെ സുമിത്ര തീവ്രദുഃഖത്തിലും മനഃസാന്നിധ്യത്തോടെ സാന്ത്വനിപ്പിക്കുന്നതെങ്ങനെയെന്നു കേൾക്കൂ: ‘‘ജ്യേഷ്ഠത്തീ, തളരരുത്. കണ്ണീർ ഒന്നിനും പരിഹാരമല്ല. രാമനെ പുത്രനായി ലഭിച്ച അവിടുന്ന് അനുഗൃഹീതയാണ്. മഹാരാജാവിന്റെ അഭിമാനം സംരക്ഷിക്കാനാണ് അവിടുത്തെ പുത്രൻ വനത്തിലേക്കു ഗമിച്ചത്. സ്വപിതാവിന് ധർമച്യുതി വരാതിരിക്കാൻ കിരീടവും ചെങ്കോലും വേണ്ടെന്നുവെച്ച മഹാനാണ് രാമൻ. പൂർവികരുടെ പാതയിൽ ചരിക്കുന്നവനാണ് അവിടുത്തെ പുത്രൻ. രാമന്റെ നാമം ആചന്ദ്രതാരകം നിലനിൽക്കും.’’

ഭർത്താവിന്റെ ചിതയിൽ ചാടി സ്വയം ഒടുങ്ങാൻ തീരുമാനിക്കുന്ന കൈകേയിയെ, തന്റെ ധർമഭാഷണത്തിലൂടെ പിന്തിരിപ്പിക്കുന്നത് സുമിത്രയാണ്. സ്വയം അറിയാതെയെങ്കിലും കൈകേയി വിധിയുടെ നിയോഗം നടപ്പാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നു മനസ്സിലാക്കാനുള്ള വിവേകമുണ്ടായിരുന്നു സുമിത്രയ്ക്ക്. മഹാപണ്ഡിതയായ ഗാർഗിക്കൊപ്പം അല്ലെങ്കിൽ ജ്ഞാനതപസ്വിനിയായ മൈത്രേയിക്കൊപ്പം പൂജിക്കപ്പെടേണ്ട, വിഗ്രഹമാണ് ദശരഥപത്നിയായ സുമിത്ര!വര: ബി.എസ്‌. പ്രദീപ്‌കുമാർ