അബുദാബി : ഐക്യരാഷ്ട്രസഭയുടെ പൈതൃക പട്ടികയിലിടം നേടിയതിന്റെ പത്താം വാർഷികമാണ് അൽഐനിലെ കേന്ദ്രങ്ങൾക്കിപ്പോൾ. പ്രകൃതിയും സംസ്കൃതിയും കനിഞ്ഞനുഗ്രഹിച്ച 13 കേന്ദ്രങ്ങളുണ്ട് ഇത്തരത്തിൽ അൽ ഐനിൽ. മരങ്ങളും ചെടികളും നിറഞ്ഞ മരുപ്പച്ചകളും കല്ലുകൾ ചേർത്തുയർത്തിയ കോട്ടകളും പ്രാചീനഭവനങ്ങളുമെല്ലാം ഇതിലുൾപ്പെടും. ലോകത്തിലെ സുപ്രധാന ചരിത്രശേഷിപ്പുകളാണ് യു.എൻ. പൈതൃകപട്ടികയിൽ ഇടം നേടുക. ഇത് പ്രത്യേക താത്പര്യത്തിൽ വർഷങ്ങളായി സംരക്ഷിച്ചുവരുന്നതാണ്.

ജെബെൽ ഹഫീതിലെ ശ്മശാനസ്തംഭങ്ങളാണ് ഇതിലൊന്ന്. 1961-ൽ ഡാനിഷ് സംഘം നടത്തിയ പര്യവേക്ഷണത്തിലാണ് ഈ കേന്ദ്രം കണ്ടെത്തുന്നത്. രണ്ടുമുതൽ അഞ്ചുപേരെ വരെ ഒരേസമയം സംസ്കരിച്ച ഏറെ പ്രത്യേകതകളുള്ള ശവകുടീരങ്ങളാണ് ഇവയെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെ പുരാവസ്തുശാസ്ത്രജ്ഞനായ അബ്ദുല്ല അൽ കാബി പറഞ്ഞു. വർണക്കല്ലുകളും പിച്ചളയും കൊണ്ട് നിർമിച്ച ആദിമമനുഷ്യരുടെ കരകൗശല വസ്തുക്കളും ഇവിടെനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ പലതും മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.

ഹിലി പൗരാണിക കേന്ദ്രമാണ് കൗതുകക്കാഴ്ചകൾ നിറക്കുന്ന മറ്റൊന്ന്. പുരാതന കാർഷികഗ്രാമമാതൃകയാണ് ഇവിടെനിന്ന് കണ്ടെത്തിയിട്ടുള്ളത്. ബി.സി 2500-ലേതെന്ന് കരുതപ്പെടുന്ന ഈ കേന്ദ്രം ആദിമമനുഷ്യരുടെ കൂട്ടായ ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും അറിവുകൾ പകരുന്നതാണ്. പൗരാണിക ജലസേചന സംവിധാനമായ 'ഫലജ്' മാതൃകകളും ഇവിടെ കണ്ടെത്താനായിട്ടുണ്ട്.

യു.എ.ഇ.യിലെത്തുന്നവർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ് യു.എൻ. പൈതൃകപ്പട്ടികയിൽ ഇടം നേടിയ അൽ ഐൻ ഒയാസിസ്. മരുഭൂമിയിലെ വെള്ളക്കെട്ടുകളും അതോടുചേർന്നുള്ള തണൽമരങ്ങളും പ്രകൃതിയുടെ ഇനിയും മനസ്സിലാക്കാനാവാത്ത അദ്‌ഭുതങ്ങളാണ്. മരുഭൂമിയിലൂടെയുള്ള ദിവസങ്ങൾ നീളുന്ന യാത്രകളിൽ ആളുകളുടെ ജീവൻ നിലനിർത്തിയിരുന്നത് പ്രകൃതിയുടെ അദ്‌ഭുതമായ മരുപ്പച്ചകളാണ്. അതിന്റെ തനിമയൊട്ടും ചോർന്നുപോകാതെ പരിപാലിച്ചിരിക്കുന്നത് സന്ദർശകർക്ക് വേറിട്ട അനുഭവമാണ് പകരുക. 4000 വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ജനങ്ങൾക്ക് മരുഭൂമിയിൽ വഴികാട്ടിയായിരുന്നു ഇവ. 1200 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പ്രധാന മരുപ്പച്ചയിൽ 147,000 ഈന്തപ്പനകളാണുള്ളത്. ഇതിനുപുറമെ വാഴ, നാരകം, അത്തി, മാവ് തുടങ്ങി നിരവധി ഫലവൃക്ഷങ്ങളും പരിപാലിച്ചുവരുന്നതായി സാംസ്കാരിക വിനോദസഞ്ചാരവകുപ്പ് വേൾഡ് ഹെറിറ്റേജ് സൈറ്റ് മാനേജർ അബ്ദുൽ റഹ്‌മാൻ അൽ നുഐമി പറഞ്ഞു.