അബുദാബി : ഭക്ഷ്യസുരക്ഷയുറപ്പാക്കാൻ വ്യവസ്ഥകൾ കർശനമാക്കി അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ്.

ഭക്ഷ്യസംവിധാനങ്ങൾ, കാർഷികരംഗം, ഭക്ഷ്യ ആവശ്യങ്ങൾക്കായുള്ള മൃഗങ്ങളെ പരിപാലിക്കുന്ന ഫാമുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഈ രംഗങ്ങളിൽ പൊതുവിൽ കണ്ടുവരാറുള്ള 150 ചട്ടലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങളും പിഴകളുമാണ് നിലവിൽവന്നിരിക്കുന്നത്.

ഫാമുകളിൽനിന്ന് ഒരു ഉത്പന്നം തീൻമേശയിൽ എത്തുന്നതുവരെയുള്ള ഘട്ടങ്ങളിൽ സംഭവിച്ചേക്കാവുന്ന പിഴവുകൾ പരിഹരിക്കുന്നതിനായി കർശനവ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കാർഷിക, ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ ജനറൽ സായിദ് അൽ ബാഹ്‌രി സലിം അൽ അമീരി പറഞ്ഞു.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

ഭക്ഷ്യവസ്തുക്കളുടെ വാണിജ്യ, വ്യവസായ, പ്രൊഫഷണൽ ഇടപാടുകളുമായി ബന്ധപ്പെട്ട 16 ചട്ടങ്ങളും ആരോഗ്യ ശുചിത്വവുമായും ഉപകരണങ്ങളുമായും ബന്ധപ്പെട്ട 22 വ്യവസ്ഥകളും കൃഷിയുമായി ബന്ധപ്പെട്ട 45 വ്യവസ്ഥകളും മൃഗസംരക്ഷണവും തേനീച്ചവളർത്തലുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമാണ് വ്യക്തമാക്കിയിരിക്കുന്നത്. 60 ദിവസത്തിനകം പ്രശ്നപരിഹാരം നടത്തിയാൽ ചട്ടലംഘനങ്ങൾക്ക് ചുമത്തിയ പിഴ തുകയിൽ 25 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്.