അബുദാബി : വാഹനങ്ങളുടെ പെർമിറ്റ് പുതുക്കുന്നതിന് മുമ്പ് ബാക്കിയുള്ള പിഴകളെല്ലാം അടച്ചുതീർക്കണമെന്ന് അബുദാബി പോലീസ് നിർദേശം. ടോൾ നിരക്ക് ഈടാക്കുന്ന സമയങ്ങളിൽ അക്കൗണ്ടിൽ ആവശ്യമായ ബാലൻസില്ലെങ്കിൽ പിഴ ലഭിക്കുമെന്ന് സമഗ്ര ഗതാഗതകേന്ദ്രം വ്യക്തമാക്കിയിരുന്നു. രാവിലെയും വൈകീട്ടും തിരക്കേറുന്ന സമയങ്ങളിൽ വാഹനം ടോൾഗേറ്റ് മറികടക്കുന്നതിന് പ്രത്യേക ഫീസ് നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ഫീസുകളെല്ലാം വാഹനത്തിന്റെ പെർമിറ്റ് പുതുക്കുന്നതിന് മുമ്പോ, മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് മുമ്പോ അടയ്ക്കണം. ഇല്ലെങ്കിൽ നടപടികൾ കൂടുതൽ സങ്കീർണമാവുമെന്നും പോലീസ് വാഹനയുടമകളോട് അറിയിച്ചു. https://darb.itc.gov.ae വെബ്‌സൈറ്റ് വഴിയോ, ഡർബ് ആപ്പ് വഴിയോ പിഴകളടയ്ക്കാൻ കഴിയും. ആപ്പ് വഴി ഓട്ടോമാറ്റിക് പേമെന്റ് സംവിധാനത്തിലൂടെ നിരക്കുകൾ അടയ്ക്കുന്ന രീതിയും പിന്തുടരാവുന്നതാണ്. ഡർബ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തതുകാരണമോ, ആവശ്യമായ പണം അക്കൗണ്ടിൽ മാറ്റിവെക്കാത്തതിനോ ആണ് പ്രധാനമായും പിഴ ലഭിക്കാറുള്ളത്.