അബുദാബി : കാൽനടയാത്രികരെ പരിഗണിക്കാത്ത ഡ്രൈവർമാർക്കെതിരേ കർശന നടപടികളുമായി അബുദാബി പോലീസ് ഗതാഗതവകുപ്പ്. കാൽനടയാത്രികർക്ക് റോഡുമുറിച്ചുകടക്കാൻ അനുവദിച്ച സ്ഥലങ്ങളിൽ കടക്കാൻ അവസരം നൽകാത്ത വാഹന ഉപയോക്താക്കൾക്ക് 500 ദിർഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. 2021 ആദ്യപകുതിയിൽ ഇത്തരത്തിൽ 4138 നിയമലംഘനങ്ങളാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. നിരത്തുകളിലെ ഇത്തരം പെരുമാറ്റങ്ങൾ പരിഷ്കൃതസമൂഹത്തിന് യോജിക്കാത്തതാണ്.

ചൂടേറിയ സാഹചര്യങ്ങളിൽ റോഡ്‌ മുറിച്ചുകടക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകണം. വാഹനം വേഗംകുറച്ച് ആളുകളില്ലെന്ന് ഉറപ്പാക്കിമാത്രമേ യാത്രതുടരാവൂ. അതുപോലെതന്നെ റോഡ്‌ മുറിച്ചുകടക്കുന്നവരും പ്രത്യേക ശ്രദ്ധനൽകണം. അനുവദനീയമല്ലാത്തയിടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. നിരത്തുകളിലെ ഡ്രൈവർമാരുടെ മോശം പെരുമാറ്റങ്ങൾ വീഡിയോ സഹിതം പുറത്തുവിട്ട് സമൂഹമാധ്യമങ്ങൾ ശക്തമായ ബോധവത്കരണവും പോലീസ് നടത്തിവരികയാണ്.