ദുബായ് : നീറ്റ് പരീക്ഷയ്ക്ക് ദുബായിൽ കേന്ദ്രം അനുവദിച്ചതായി അബുദാബി ഇന്ത്യൻ എംബസി അറിയിപ്പ് വന്നതോടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയൊഴിവായി. ഇനി പരീക്ഷകൾക്ക് തയ്യാറെടുക്കാം.

കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് നാട്ടിലേക്ക് പോയി പരീക്ഷയെഴുതാനുള്ള സാഹചര്യമില്ലായിരുന്നു. ഗൾഫിൽ കുവൈത്തിൽ മാത്രമാണ് കേന്ദ്രമുള്ളതെങ്കിലും കോവിഡ് വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ അതും പ്രായോഗികമായിരുന്നില്ല. സെപ്റ്റംബർ 12-ന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് ഓഗസ്റ്റ് ആറിനകം അപേക്ഷ സമർപ്പിക്കണം.

അതിനുമുമ്പ് സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത് യു.എ.ഇ.യിലെ 80 സി.ബി.എസ്.ഇ സ്‌കൂളുകൾ, കേരള സിലബസിലെ ഒമ്പത് സ്‌കൂളുകൾ എന്നിവിടങ്ങളിലായി പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ വ്യക്തമാക്കുമെന്ന് എംബസി ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്.

ഐ.സി.എഫ്. സ്വാഗതംചെയ്തു

അബുദാബി: ഗൾഫിൽനിന്ന് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്ക് പ്രയോജനപ്പെടുംവിധത്തിൽ ദുബായിലും കുവൈത്തിലും കേന്ദ്രം അനുവദിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ഗൾഫ് കൗൺസിൽ സ്വാഗതംചെയ്തു.

ഗൾഫിൽ പരീക്ഷാകേന്ദ്രം അനുവദിച്ചുകിട്ടാൻ ഐ.സി.എഫ്. കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പുതിയ കേന്ദ്രത്തിന്റെ ഗുണം ലഭിക്കും. ഇതിനു മുൻകൈയെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി ഐ.സി.എഫ്. വ്യക്തമാക്കി.