ദുബായ് : നിഴൽ എന്ന മലയാളസിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന കൊച്ചുമിടുക്കൻ ഐസിൻ ഹാഷ് ഇനി ഹോളിവുഡിലും ഒരുകൈ നോക്കും. ദുബായിൽ മോഡലിങ് രംഗത്തും സജീവമായ ഈ മലയാളി ബാലൻ 'നോർത്ത് ഓഫ് ദി ടെൻ' എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്തമായ കഴിവുകളുള്ള അഞ്ച് സുഹൃത്തുക്കളുടെ കഷ്ടപ്പാടിന്റെയും വിജയത്തിന്റെയും കഥപറയുന്ന കോമഡി ചിത്രമാണിത്.

ചിക്കാഗോയും അബുദാബിയുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. അമേരിക്കൻ വംശജനായ റെയാൻ ലാമെർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓസ്കാർ ജേതാവ് ടെറൻസ് ജെ., ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്‌ട്രോങ് എന്നിവരാണ് പ്രധാന താരങ്ങൾ. നിരവധി ഇംഗ്ലീഷ്, അറബിക് പരസ്യചിത്രങ്ങളിൽ അഭിനയിച്ച ഐസിൻ, കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യവേഷം ചെയ്ത നിഴൽ സിനിമയിലെ 'നിധിൻ' എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് പരിചിതനാവുന്നത്.

നിഴലിന്റെ തെലുങ്ക് റീമേക്ക് 'നീട' ജൂലായ് 23-ന് ഒ.ടി.ടിയിൽ റിലീസ് ചെയ്യും. അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയായ ഐസിൻ ദുബായിൽ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി ഹാഷ് ജവാദിന്റെയും നഹീസയുടെയും മകനാണ്.