അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ (ഐ.ഐ.സി.) ഈദ് ആഘോഷവും 'ഈദിയ്യ 2021', പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറെ ആവശ്യമുള്ള ചുറ്റുപാടിലാണ് ഇന്നത്തെ എല്ലാവരുടെയും ജീവിതമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡിനൊപ്പം മതിയായ മുൻകരുതലുകളോടെ പ്രവർത്തന രംഗത്ത് സജീവമാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇസ്‌ലാമിക് സെൻറർ വൈസ് പ്രസിഡന്റ് എം.പി.എം. റഷീദ് അധ്യക്ഷത വഹിച്ചു. ശൈഖ് സായിദ് മസ്ജിദ് മുഅദിൻ ഹാഫിള് നസീം ബാഖവി ഖിറാഅത്ത് നടത്തി. സെൻറർ ആക്ടിങ് പ്രസിഡന്റ് സിംസാറുൽ ഹഖ് ഹുദവി പെരുന്നാൾ സന്ദേശം കൈമാറി.

പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ വിശിഷ്ടാതിഥിയായിരുന്നു. ഓൺലൈനായി നടന്ന ചടങ്ങിൽ അബുദാബിയിലെ സാംസ്കാരിക സംഘടനാ ഭാരവാഹികൾ സംബന്ധിച്ചു.