ദുബായ് : ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് യാത്രാവിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും എക്സ്‌പോ 2020 ദുബായിൽ പങ്കെടുക്കാനെത്തുന്നവർക്ക് അത് ബാധകമായിരിക്കില്ലെന്ന് യു.എ.ഇ. ഏവിയേഷൻ റെഗുലേറ്റർ വ്യക്തമാക്കി. എക്സ്‌പോയിൽ പങ്കെടുക്കാനെത്തുന്നവർ, പ്രദർശകർ, സംഘാടകർ സ്പോൺസർ ചെയ്യുന്ന വ്യക്തികൾ എന്നിവർക്കാണ് യു.എ.ഇ.യിലെത്താൻ അനുമതി.

മറ്റുള്ളവർക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി തുടരുമെന്ന സൂചനകൂടിയാണിത്.

എക്‌സ്‌പോയിൽ പങ്കെടുക്കാൻ അനുമതിയുള്ളവർ

യു.എ.ഇ. സ്വദേശികൾക്കും ബന്ധുക്കൾക്കും

യു.എ.ഇ.യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്കും എംബസി ഉദ്യോഗസ്ഥർക്കും

മുൻകൂട്ടി അനുമതിലഭിച്ച വിവിധ രാജ്യങ്ങളിൽനിന്നുള്ള എക്സ്‌പോ പ്രതിനിധികൾക്ക്

യു.എ.ഇ.യുടെ ഗോൾഡ്, സിൽവർ താമസവിസകളുള്ളവർക്ക്

വിദേശ കമ്പനികളുടെ ട്രാൻസിറ്റ് വിമാനങ്ങളുടെയും കാർഗോ വിമാനങ്ങളുടെയും ജീവനക്കാർക്ക് (ആർ.ടി.പി.സി.ആർ. ഫലം നിർബന്ധം)

പോർട്ട് സെക്യൂരിറ്റി, അതിർത്തി, ഫ്രീസോൺ, അത്യാഹിത ദുരന്തനിവാരണ വകുപ്പുകളുടെ മേധാവികളിൽനിന്ന് അനുമതിപത്രം ലഭിച്ച വ്യവസായികൾക്ക്

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വ്യവസ്ഥകളനുസരിച്ച് സുപ്രധാന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക്