ഷാർജ : എക്സ്പോ അൽ ദൈദിൽ അഞ്ചാമത് ഡേറ്റ്സ് ഫെസ്റ്റിവലിന് തുടക്കമായി. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ്‌ ഇൻഡസ്ട്രിയുടെ (എസ്.സി.സി.ഐ.) നേതൃത്വത്തിൽ നാലുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഈന്തപ്പഴയിനങ്ങളുടെ വലിയനിരയാണ് പരിചയപ്പെടുത്തുന്നത്. ഈന്തപ്പഴത്തിന്റെ ശാസ്ത്രീയ സംസ്കരണം, കർഷകർക്ക് പരിശീലനവും സഹായവും ലഭ്യമാക്കൽ, ഈന്തപ്പനയുടെ മറ്റ് ഭാഗങ്ങൾ കൊണ്ടുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് മേള സംഘടിപ്പിക്കുന്നത്.

മേളയുടെ ആദ്യദിനം കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി സുൽത്താൻ അബ്ദുല്ല ബിൻ എൽവാൻ, എസ്.സി.സി.ഐ. ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, ഡയറക്ടർ ജനറൽ മൊഹമ്മദ് അഹമ്മദ് അമിൻ അൽ അവാദി, മേളയുടെ ജനറൽ കോ-ഓർഡിനേറ്റർ മുഹമ്മദ് മുസാബ അൽ തുനൈജി എന്നിവർ സംബന്ധിച്ചു.

കർഷകർക്കായി ഒട്ടേറെ മത്സരങ്ങളും ഇവിടെ നടത്തുന്നുണ്ട്. 15 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഈന്തപ്പഴ കർഷകർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ 2016-ൽ ആണ് അൽ ദൈദ് ഡേറ്റ്സ് ഫെസ്റ്റിവലിന് തുടക്കംകുറിക്കുന്നത്. ഈ ഉദ്യമത്തിന് ഷാർജ ഭരണാധികാരിയും സുപ്രിം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നൽകിവരുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് സുൽത്താൻ അൽ ഒവൈസ് പറഞ്ഞു.

പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും അതുവഴി മികച്ച വിപണി കണ്ടെത്താനുമുള്ള ചേംബർ ശ്രമങ്ങളാണ് ഇതിനുപിറകിൽ. ഇറക്കുമതിയും കയറ്റുമതിയുമടക്കം ആഗോളതലത്തിൽ ഈന്തപ്പഴ വിപണിയിലെ 30 ശതമാനം ഇടപാടുകളും യു.എ.ഇ.യാണ് നടത്തുന്നത്. ഇതോടൊപ്പംതന്നെ ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഈന്തപ്പഴ ഉത്പാദകരുടെ പട്ടികയിലും യു.എ.ഇ. മുൻനിരയിലാണ്.