ഷാർജ : ഈദ് അവധി ദിനങ്ങൾ യു.എ.ഇ.യിലുള്ളവർ ആസ്വാദ്യമാക്കിയത് യാത്രകളിലൂടെയാണ്. മലയാളി കുടുംബങ്ങളും ബാച്ചിലേഴ്‌സും കൂടുതലും യാത്രചെയ്തത് മലനിരകൾ കാണാനായിരുന്നു. മുൻപ് കൂടുതൽ അവധിദിനങ്ങളെത്തുമ്പോൾ മസ്‌കറ്റ് യാത്രയായിരുന്നു പ്രധാനം. അബുദാബി യാത്രയും ബുദ്ധിമുട്ടായപ്പോൾ ഫുജൈറ, ഖോർഫക്കാൻ, റാസൽഖൈമ യാത്രകളായി പ്രവാസികളുടെ ആശ്രയം.

യാത്ര പ്രത്യേക അനുഭൂതിയാക്കിയ മലയാളികൾക്ക് ഒരുകാലത്ത് അബുദാബി യാസ് ഐലന്റ് ഉല്ലാസയാത്രയുടെ പ്രധാന കേന്ദ്രമാക്കിയിരുന്നു. ഇത്തവണയും യാസിൽ ലൈവ് സംഗീതനിശയും കരിമരുന്നുപ്രയോഗവും ഉണ്ടായിരുന്നുവെങ്കിലും മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർ കുറഞ്ഞു. അബുദാബി ടൂറിസം വകുപ്പാണ് പരിപാടികൾ സംഘടിപ്പിച്ചത്. 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ. പരിശോധന ഫലം നിർബന്ധമാക്കിയതോടെ ദുബായ്, ഷാർജ എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാരെല്ലാം കുറവായിരുന്നു.

ഫുജൈറ അഡ്വഞ്ചർ പാർക്കിലും നിരവധി സന്ദർശകരെത്തി. കുട്ടികളുടെ ഇഷ്ടയിടമായതിനാൽ നല്ല തിരക്കാണിവിടെ അനുഭവപ്പെട്ടത്. റാസൽഖൈമ ജെബെൽജൈസ് മലമുകളിലേക്കാണ് കൂടുതൽ പേരും അവധിയാത്ര നടത്തിയത്. ഹെയർപിൻ വളവുകളിലൂടെയുള്ള യാത്ര പ്രവാസികൾ ആസ്വദിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് ജെബെൽജൈസിൽ പ്രത്യേക പോലീസ് പട്രോളിങ് സേവനവും ഉണ്ടായിരുന്നു. എമിറേറ്റ്സ് റോഡിനുസമീപം ഖോർഫക്കാൻ തുരങ്കപാതയിലൂടെയുള്ള യാത്രയും ഈദ് അവധിദിനങ്ങളിൽ പ്രവാസികളുടെ ഉല്ലാസമായി. വാദി ഷീസ്, അൽറഫീസ് അണക്കെട്ട്, അൽ സഹബ്, ഖോർഫക്കാൻ ബീച്ച് എന്നിവടങ്ങളിലെല്ലാം സന്ദർശകരുണ്ടായിരുന്നു.

ഉമ്മുൽഖുവൈൻ കടലോര പ്രദേശങ്ങളും പ്രവാസികളുടെ ഇഷ്ട ഇടമായി. കണ്ടൽക്കാടുകളുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയവരാണേറെയും. തോണിയാത്രയും ബാർബിക്യൂവും ഉപയോഗപ്പെടുത്തിയവരിൽ അധികവും കുടുംബങ്ങളായിരുന്നു. പാരച്യൂട്ട് സഫാരി, ഓഫ്‌റോഡ് ഡ്രൈവിങ് എന്നിവയും ഈദ് അവധി ദിനങ്ങളിലെ പ്രധാന ഇനമായി. നിരവധി വിനോദോപാധികളുള്ള അൽസോറ പ്രദേശവും ഷാർജ, അജ്‌മാൻ ഭാഗങ്ങളിൽ നിന്നും കൂടുതൽ കുടുംബങ്ങളെത്തി. യു.എ.ഇ., ഒമാൻ രാജ്യങ്ങൾക്ക് അടുത്തുനിൽക്കുന്ന ഹത്തയിലും ഈ അവധിക്കാലത്ത് തിരക്ക് കുറവായിരുന്നു. ഷാർജ - മലീഹ റോഡിലൂടെ യാത്രചെയ്ത് പുരാതന സാംസ്കാരിക സ്ഥലങ്ങൾ വീക്ഷിച്ചവരുമേറെയാണ്. വീടുകളിൽ അവധിദിനങ്ങൾ ചെലവഴിച്ചവരും കുറവല്ല. ശനിയാഴ്ച ജോലിയുള്ളവർക്ക് വെള്ളിയാഴ്ചയോടെ വലിയ പെരുന്നാൾ അവധിദിനങ്ങളും അവസാനിക്കുന്നു.