അബുദാബി : ഐ.ടി.ടി. ലോക ചാമ്പ്യനായ ഇറ്റാലിയൻ സൈക്ലിങ് താരം ഫിലിപ്പോ ഗാന യു.എ.ഇ. ടൂറിന്റെ രണ്ടാംഘട്ടത്തിൽ (അബുദാബി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേജ്) ഒന്നാമതായി. ഹുദൈറിയത് ഐലൻഡിലെ 13 കിലോമീറ്റർ ട്രാക്കിൽ വ്യക്തിഗത മത്സരമായാണ് രണ്ടാംഘട്ടം നടന്നത്.
മണിക്കൂറിൽ 55.981 കിലോ മീറ്റർ വേഗമെടുത്ത് 13.56 മിനിറ്റുകൊണ്ടാണ് ഗാന ഒന്നാംസ്ഥാനം നേടിയത്. മരുഭൂമിയിലെ കാലാവസ്ഥ അല്പം വെല്ലുവിളിയുയർത്തിയെങ്കിലും മികച്ച വേഗത്തിൽ ജയിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഗാന പറഞ്ഞു. ആദ്യമായാണ് യു.എ.ഇയിൽ ഒരു മത്സരത്തിന്റെ ഭാഗമാവുന്നത്. ശാരീരികക്ഷമത നിലനിർത്താൻ കഴിഞ്ഞത് പ്രതീക്ഷയേകിയതായും അദ്ദേഹം പറഞ്ഞു. സ്വിറ്റ്‌സർലൻഡുകാരനായ സ്റ്റീഫൻ ബിസിഗറാണ് രണ്ടാംസ്ഥാനം നേടിയത്. ഡെൻമാർക്ക് താരമായ മൈക്കെൽ സെർജ് മൂന്നാംസ്ഥാനം നേടി. ടൂർ മൂന്നാംഘട്ട മത്സരം (സ്ട്രാറ്റ സ്റ്റേജ്) ചൊവ്വാഴ്ച നടക്കും. സ്ട്രാറ്റ മാനുഫാക്ച്ചറിങ് മുതൽ ജെബെൽ ഹഫീത് വരെയുള്ള 166 കിലോമീറ്ററാണ് സംഘം സൈക്ലിങ് നടത്തുക.
ടീമംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ബെൽജിയത്തിലെ ആൽപേസിൻ ഫെനിക്‌സ് ടീം യു.എ.ഇ. ടൂറിൽനിന്ന് പിന്മാറിയാതായി സംഘാടകർ അറിയിച്ചു. ടൂറിന്റെ ആദ്യ ഘട്ടത്തിലെ വിജയിയായ മാത്യു വാൻഡെർ പോൾ ഉൾപ്പെടുന്ന ടീമാണിത്.
ഞായറാഴ്ച നടന്ന പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായും ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോയതായും ടീം അറിയിച്ചു.