അബുദാബി : യു.എ.ഇ.യിലെ ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിന്റെ (ഫെർജ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ധനവിനിമയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ കൂട്ടായ്മയാണിത്. പുൾമാൻ ദുബായ് ഡൗൺടൗണിൽ നടന്ന ഈ വർഷത്തെ ആദ്യകമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുഹമ്മദ് അലി അൽ അൻസാരി (ചെയർമാൻ), അദീബ് അഹമ്മദ് (വൈസ് ചെയർമാൻ), രാജീവ് റായ്പഞ്ചോലിയ (സെക്രട്ടറി), ആന്റണി ജോസ് (ട്രഷറർ), ഇമാദ് ഉൽ മാലിക് (ജോയൻറ് ട്രഷറർ), ഒസാമ അൽ റഹ്‌മ (ഉപദേശക സമിതിയംഗം) എന്നിവരാണ് പുതിയ ഭാരവാഹികൾ. 2020 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട ഫെർജ് കമ്മിറ്റിയംഗങ്ങളുടെ പ്രഖ്യാപനം വാർഷിക ജനറൽബോഡി യോഗത്തിലാണുണ്ടായത്.
ലുലു ഇന്റർനാഷണൽ എക്സ്‌ചേഞ്ച്, അൽ അൻസാരി എക്സ്‌ചേഞ്ച്, അൽ ഫർദാൻ എക്സ്‌ചേഞ്ച്, അൽ ഗുറൈർ എക്സ്‌ചേഞ്ച്, അൽ റസൗകി ഇന്റർനാഷണൽ എക്സ്‌ചേഞ്ച്, അൽറൊസ്തമാനി ഇന്റർനാഷണൽ എക്സ്‌ചേഞ്ച്, ജോയ് ആലുക്കാസ് എക്സ്‌ചേഞ്ച്, ഇൻഡെക്സ് എക്സ്‌ചേഞ്ച്, ഒറിയന്റ് എക്സ്‌ചേഞ്ച്, റെദ്ദ അൽ അൻസാരി എക്സ്‌ചേഞ്ച്, വാൾസ്ട്രീറ്റ് എക്സ്‌ചേഞ്ച് എന്നിവയാണ് കമ്മിറ്റിയിലുള്ളത്. കോവിഡ് ലോക്ഡൗൺ സമയത്തും എക്സ്‌ചേഞ്ചുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർക്കാർതല അനുമതിതേടൽ അടക്കമുള്ള കാര്യങ്ങളിൽ ഫെർജ് നിർണായക സ്വാധീനമാണ് ചെലുത്തിയത്. ഉപഭോക്തൃ സേവനനിലവാരമുയർത്തുന്ന പ്രത്യേക പരിശീലന പദ്ധതികളും അംഗ സ്ഥാപനങ്ങളുടെ ജീവനക്കാർക്കായി ഫെർജ് സംഘടിപ്പിക്കാറുണ്ട്.