അബുദാബി : മലയാളം മിഷൻ അബുദാബി ഓൺലൈനായി നടത്തിയ ‘കണിക്കൊന്ന’ പഠനോത്സവത്തിൽ നൂറുശതമാനം വിജയം. പങ്കെടുത്ത 176 വിദ്യാർഥികളിൽ 141 പേർ എ ഗ്രേഡും 35 പേർ ബി ഗ്രേഡും നേടി.
കേരളാ സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം, ബദാസായിദ് ലൈഫ് ലാബ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇന്റർനാഷണൽ കൾച്ചറൽ സെന്റർ, മുസഫ, മദീന സായിദ്, ഇലക്‌ട്ര, ഹംദാൻ, ഖാലിദിയ, അൽ ദഫ്‌റ തുടങ്ങി 16 കേന്ദ്രങ്ങളിലായി സൗജന്യമായി മലയാളം പഠിച്ചുവരുന്ന വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.
നിലവിൽ അബുദാബി മേഖലയിൽ 47 സെന്ററുകളിലായി 1600-ലധികം വിദ്യാർഥികൾ 66 അധ്യാപകരുടെ കീഴിൽ പഠനം നടത്തുന്നുണ്ട്. കഴിഞ്ഞവർഷം നടന്ന പഠനോത്സവത്തിൽ 98.8 ശതമാനമായിരുന്നുവിജയം.
ഇത്തവണ 100 ശതമാനം വിജയം കൈവരിച്ചുകൊണ്ടാണ് അടുത്ത പാഠ്യപദ്ധതിയായ ‘സൂര്യകാന്തി’ യിലേയ്ക്ക് വിദ്യാർഥികൾ പ്രവേശിക്കുന്നത്. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ്, രജിസ്ട്രാർ എം. സേതുമാധവൻ, ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ ചേർന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി.