ഷാർജ : പ്രവാസികളുടെ ഹോം ക്വാറന്റീൻ കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ കൃത്യമായ മറുപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ നിർബന്ധമായും ഹോം ക്വാറന്റീനിൽ പോകണമെന്ന സർക്കാർ നിർദേശത്തിനെതിരേ പ്രവാസികൾ പ്രതിഷേധമറിയിച്ചിരുന്നു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടും ഇന്ത്യയിൽ പ്രത്യേകിച്ചും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നത് പ്രവാസികളോട് കാണിക്കുന്ന ഇരട്ടനീതിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇന്ത്യയിലെത്തുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരും ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവ് കരുതണമെന്ന നിയമം വന്നുകഴിഞ്ഞിട്ടും നിർബന്ധിത ഹോം ക്വാറന്റീനിൽ പോകണമോ എന്നാണ് പ്രവാസികളുടെ പ്രധാന ചോദ്യം.
യു.എ.ഇ.യിലെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നിന്നുള്ള പരിശോധന പൂർത്തിയാക്കി പരിശോധനാഫലം 48 മണിക്കൂറിനകം മൊബൈലിലെത്തും. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല. പുറത്തിറങ്ങി ജോലി ചെയ്യാനും അനുവാദമുണ്ട്. ഇത്തരം സംവിധാനം എന്തുകൊണ്ട് സ്വന്തം നാടുകളിൽ പ്രവാസികൾക്ക് അനുവാദിക്കാത്തത് എന്നാണ് ചോദ്യം. കേരളത്തിൽ തെക്ക് - വടക്ക് ജാഥയും പിക്കറ്റിങ്ങും പൊതുയോഗങ്ങളും തകൃതിയായി നടക്കുന്നു. എവിടേയും സാമൂഹിക അകലമോ മുഖാവരണമോ ഇല്ല. എന്നിട്ടും പ്രവാസികൾ പ്രത്യേകിച്ച് ഗൾഫുകാരാണോ രോഗം പരത്തുന്നതെന്ന് ദുബായിലെ അഭിഭാഷകൻ അഡ്വ. അജി കുര്യാക്കോസ് ചോദിച്ചു.