അബുദാബി : അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശനം നടത്തി.
ഒട്ടേറെ ദേശീയ, അന്തർദേശീയ കമ്പനികളുടെ പവലിയനുകൾ സന്ദർശിച്ച അദ്ദേഹം നൂതന സാങ്കേതികതയെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും മനസ്സിലാക്കി. മിലിട്ടറി റഡാർ സാങ്കേതികത സംവിധാനങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ, പടക്കോപ്പുകൾ, നിർമിത ബുദ്ധി യുദ്ധരംഗങ്ങളിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ചെല്ലാം അദ്ദേഹം അന്വേഷണങ്ങൾ നടത്തി.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നൂതന സംവിധാനങ്ങൾ അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വേദിയാണ് ഐഡെക്‌സെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിലും ലോകരാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഇത്ര വിപുലമായ പ്രദർശനം സംഘടിപ്പിക്കുക വഴി യു.എ.ഇ.യുടെ മികവും ഉയർന്നു.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുശക്തമാക്കുന്നതിൽ ഇത്തരം പ്രദർശനങ്ങൾ നിർണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രദർശനത്തിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, സേനാ മേധാവികൾ എന്നിവരുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.