ദുബായ് : റംസാനിൽ നടപ്പാക്കിയ 100 മില്യൺ മീൽസ് പദ്ധതി യാഥാർഥ്യമാക്കാൻ 1,85,000 പേർ സംഭാവന നൽകിയതായി മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് (എം.ബി.ആർ.ജി.ഐ.) അറിയിച്ചു. കാമ്പയിൻ തുടങ്ങി 10 ദിവസത്തിനുള്ളിലാണ് ലക്ഷ്യത്തിലെത്തിയത്. ഗൾഫ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, തെക്കെ അമേരിക്ക എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിലായി പിന്നാക്കംനിൽക്കുന്ന വ്യക്തികൾ, കുടുംബങ്ങൾ എന്നിവർക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 10 കോടി പേർക്ക് ഭക്ഷണം നൽകാൻ പര്യാപ്തമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുകയായിരുന്നു ഉദ്ദേശ്യം. സുഡാൻ, ലെബനൻ, ജോർദാൻ, പാകിസ്താൻ, അംഗോള, യുഗാൺഡ, സിയെറാ ലിയോൺ, ഘാന, ടാൻസാനിയ, സെനഗൽ, ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ പിന്നാക്ക വിഭാഗങ്ങളിൽ ഓരോരുത്തർക്കും ഒരു ദിർഹം എന്ന രീതിയിലായിരുന്നു സംഭാവന സ്വീകരിച്ചിരുന്നത്.

12 ഫുഡ് ബാങ്കുകൾ, യു. എൻ. വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി.), മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് (എം.ബി.ആർ.സി.എച്ച്.), ഗുണഭോക്തൃ രാജ്യങ്ങളിലെ വിവിധ മാനുഷിക സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഭക്ഷ്യ പാഴ്‌സലുകളുടെ വിതരണം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 100 മില്യൺ മീൽസ് പദ്ധതി പ്രഖ്യാപിച്ചത്.

കഴിഞ്ഞ റംസാനിൽ രാജ്യത്ത് നടപ്പാക്കിയ 10 മില്യൺ മീൽസ് പദ്ധതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് യു.എ.ഇ. ഈ ദൗത്യത്തിനൊരുങ്ങിയത്. ലോകത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് കഴിഞ്ഞ വർഷം പദ്ധതി ആരംഭിച്ചത്. ആദ്യ പദ്ധതിക്ക്‌ ജനങ്ങളിൽനിന്ന് മികച്ച സ്വീകരണമായിരുന്നു. യു.എ.ഇയിലെയും മറ്റ് വിദേശ രാജ്യങ്ങളിൽനിന്നുമുള്ള വൻകിട കമ്പനികൾ, ബിസിനസുകാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്.