അബുദാബി : ലോക സാഹിത്യമേഖലയ്ക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെ യുവ എഴുത്തുകാർക്ക് പ്രചോദനം നൽകിക്കൊണ്ട് 15-ാമത് ശൈഖ് സായിദ് പുസ്തക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാരങ്ങൾക്കായി ഇത്തവണ ലഭിച്ചത് റെക്കോഡ് അപേക്ഷകളാണെന്നത് സാഹിത്യമേഖലയിൽ ഈ മേളയുടെ മാറ്റ് കൂട്ടുന്നു. മുൻവർഷത്തെക്കാൾ 23 ശതമാനം അധിക പങ്കാളിത്തത്തോടെ 2349 അപേക്ഷകളാണ് വിവിധ വിഭാഗങ്ങളിലേക്ക് ലഭിച്ചത്.

ഈജിപ്ഷ്യൻ എഴുത്തുകാരിയായ ഇമാൻ മെർസലാണ് സാഹിത്യവിഭാഗത്തിലെ എഴുത്തിനുള്ള പുരസ്കാരം നേടിയത്. ‘ഫീ അതാർ ഇനായത് അൽ സയാത്ത്’ എന്ന കൃതിക്കാണ് പുരസ്കാരം. ഇനായത്ത് അൽ സയാത്തിന്റെ വഴിയിലൂടെ എന്ന ഈ പുസ്തകം 2019-ൽ പ്രസിദ്ധീകരിച്ചതാണ്. ബാലസാഹിത്യ പുരസ്കാരത്തിന് ‘റിഹാൾട് ഫനാൻ’ (ഒരു കലാകാരന്റെ യാത്ര) എന്ന സൃഷ്ടിയിലൂടെ ടുണീഷ്യൻ എഴുത്തുകാരൻ മിസൗനി ബന്നാനി അർഹനായി. അമേരിക്കൻ പരിഭാഷകൻ മൈക്കിൾ കൂപേഴ്‌സൺ ‘ഇംപോസ്ചഹ്’ എന്ന പുസ്തകത്തിലൂടെ മികച്ച വിവർത്തകനായി. അൽ ഹരിരിയുടെ അറബിക് കൃതിയാണ് അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്.

സാഹിത്യ, കലാ വിമർശന പുരസ്കാരം ടുണീഷ്യൻ ഗവേഷകൻ ഖലീൽ ഗൗഇയ നേടി. അദ്ദേഹത്തിന്റെ ചിത്രരചനയിൽനിന്ന് നൂതന വിഷ്വൽ ആർട്ടിലേക്കുള്ള യാത്ര എന്ന ആശയത്തിൽ നടത്തിയ പഠനത്തിനാണ് പുരസ്കാരം. രാഷ്ട്ര വികസനത്തിലേക്കുള്ള സംഭാവനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രചനയ്ക്ക് ഈജിപ്ത് എഴുത്തുകാരൻ ഡോ. സായിദ് അൽ മസ്‌റി അർഹനായി. നാടോടിക്കഥയും മതവും തമ്മിലുള്ള ആധിപത്യത്തിന്റെ പാരമ്പര്യം എന്ന ആശയത്തിൽ രചിച്ച പുസ്തകത്തിനാണിത്. അറബ് സംസ്കൃതി മറ്റുഭാഷയിൽ എന്ന വിഭാഗത്തിൽ അമേരിക്കൻ ഗവേഷക തെഹ്‌റ ഖുത്ബുദ്ദിൻ രചിച്ച ‘അറബിക് ഒറേഷൻ, ആർട്ട് ആൻഡ്‌ ഫങ്ഷൻ’ എന്ന പുസ്തകം പുരസ്കാരത്തിനർഹമായി. യുവഎഴുത്തുകാർ വിഭാഗത്തിൽ സൗദി എഴുത്തുകാരി ഡോ. അസ്മ മുഖ്ബിൽ അവാദ് അൽഹമാദി തിരഞ്ഞെടുക്കപ്പെട്ടു. പ്രസാധന, സാങ്കേതിക പുരസ്കാരത്തിന് ലബനനിൽനിന്നുള്ള ദാർ അൽ ജദീദ് പുരസ്‌കാരം നേടി.

2006-ൽ തുടക്കം കുറിച്ചതുമുതൽ ലോക സാഹിത്യരംഗങ്ങളിൽനിന്നുള്ളവർക്ക് വലിയ സാധ്യതകളാണ് സായിദ് പുസ്തക പുരസ്കാരം തുറന്നിടുന്നതെന്ന് അബുദാബി വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറഖ് പറഞ്ഞു.

സംസ്കൃതിയും വിജ്ഞാനവും മാനവവികസന പാഠങ്ങളും പകർന്നുനൽകിയ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണയിലൂടെ പുസ്തകലോകത്ത് കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിലൂടെ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് സായിദ് പുസ്തക പുരസ്കാരം സംഘടിപ്പിക്കുന്നത്.