ദുബായ് : യു.എ.ഇ.യുടെ അമ്പതാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി. സംഘടിപ്പിക്കുന്ന അമ്പതിന പരിപാടിയുടെ ഭാഗമായി നടത്തുന്ന സർഗോത്സവം കലാസാഹിത്യ മേളയ്ക്ക് നവംബർ 29-ന് തുടക്കമാകും. ഡിസംമ്പർ ഒമ്പതിന് നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളോടെ സർഗോത്സവത്തിന് തിരശ്ശീല വീഴും.

മുപ്പതോളം ഇനങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ ബാനറിൽ ആളുകൾ മാറ്റുരയ്ക്കും. ഇതുസംബന്ധിച്ച യോഗം മുൻ ചെയർമാൻ സൈനുദീൻ ചേലേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ഇസ്മാഈൽ അരൂക്കുറ്റി, ഹംസ തോട്ടി, ഭാരവാഹികളായ അഡ്വ. സാജിദ് അബൂബക്കർ, ഹനീഫ് ചെർക്കളം, ഒ.കെ. ഇബ്രാഹിം, റഈസ് കോട്ടക്കൽ, കെ.പി.എ. സലാം, എൻ.എ.എം. ജാഫർ തുടങ്ങിയവർ സംസാരിച്ചു. മജീദ് മടക്കിമല സ്വാഗതവും റഗ്ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു.