അബുദാബി : ഗൾഫ് മേഖലയിലെ വിപണി സാധ്യതകൾ തേടി സ്പൈസസ് ബോർഡ് അബുദാബി ഇന്ത്യൻ എംബസിയുമായി ചേർന്ന് യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ സുഗന്ധവ്യഞ്ജന മേഖലയിൽനിന്നുള്ള 250 വിദഗ്ധരെയും ഗൾഫ് മേഖലയിൽനിന്നുള്ള 40 വ്യാപാരികളെയും ഒന്നിച്ചുകൊണ്ടുവരാൻ ഓൺലൈനായി നടന്ന ഇന്റർനാഷണൽ ബയർ-സെല്ലർ മീറ്റിന് സാധിച്ചു.

എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ബയ്യാപു യോഗത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. യൂറോപ്യൻ, ആഫ്രിക്കൻ വിപണിയിലേക്കുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യു.എ.ഇ. ഒരു ലോജിസ്റ്റിക് ഹബ് ആയി പ്രവർത്തിക്കുമെന്ന് യോഗം വിലയിരുത്തി.

പരമ്പരാഗതമായി ഇന്ത്യക്ക്‌ സുഗന്ധവ്യഞ്ജന വിപണനരംഗത്ത് നിർണായക സ്ഥാനമാണുള്ളതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ജോയന്റ് സെക്രട്ടറി ദിവാകർ നാഥ് മിശ്ര പറഞ്ഞു. അണുനാശിനികളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ട് ഉത്പാദിപ്പിക്കുന്ന വിളകൾക്കായി കർഷകർക്ക് പരിശീലനം ലഭ്യമാക്കുക വഴി ഉയർന്നനിലവാരമുള്ള വിളകൾ ലഭ്യമാക്കാനാകും.

കോവിഡിന് ശേഷം ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്ക് വലിയ സാധ്യതയാണ് ഉണ്ടായിട്ടുള്ളത്. മരുന്നായി പോലും ഇതിനെ സമീപിക്കുന്നവരുടെ എണ്ണം ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായ് ഒരു വിപണന കേന്ദ്രമെന്നതിലുപരി കയറ്റുമതി ഹബ് കൂടിയാണെന്ന് സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് തുടർ കയറ്റുമതികൾ ആസൂത്രണം ചെയ്യാൻ ഇവിടെനിന്ന് സാധിക്കും. ബോർഡ് ഒട്ടേറെ ഡിജിറ്റൽ ബയർ സെല്ലർ മീറ്റുകൾ സംഘടിപ്പിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്പൈസസ് കയറ്റുമതി 400 കോടി യു.എസ്. ഡോളർ കടന്നിരിക്കുകയാണ്.