ദുബായ് : അപകടത്തിൽപ്പെട്ടതും അല്ലാത്തതുമായ 14 ആമകളെ സ്വാഭാവിക വാസസ്ഥലത്തേക്ക് വിട്ടു. ദുബായ് ജുമൈറ ബീച്ചിൽ ടർട്ടിൽ റീഹാബിലിറ്റേഷൻ പദ്ധതി പ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. 90 കിലോ ഭാരമുള്ള രണ്ട് ആമകളും ഇക്കൂട്ടത്തിൽപ്പെടും.

2004 മുതൽ സംഘം വിവിധ സാഹചര്യങ്ങളിൽനിന്ന് കണ്ടെത്തിയ 2000 ആമകളെ സ്വാഭാവിക വാസസ്ഥലത്ത് വിട്ടിട്ടുണ്ട്. ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അംഗമായ ശൈഖ് ഫാഹിം അൽ ഖാസിമി ഒമ്പതുമാസങ്ങൾക്കുമുമ്പ് രക്ഷപ്പെടുത്തിയ ആമയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

മത്സ്യബന്ധനവലയിൽ കുടുങ്ങിയ നിലയിലായിരുന്നു അതിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ‘ഫാറ’ എന്നുപേരുനൽകിയ ആമയെ തിരിച്ചുവീണ്ടും കടലിലേക്ക് വിടാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്ന് ശൈഖ് ഫാഹിം പറഞ്ഞു. ഇവയുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ അതിക്രമിച്ച് അശാസ്ത്രീയമായ തരത്തിൽ മനുഷ്യൻ നടത്തുന്ന ഇടപടലുകളാണ് വംശനാശത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറംതോട് പിളർന്നനിലയിൽ കണ്ടെത്തിയ ആമയിപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്. മുറിവുകൾ സുഖപ്പെട്ടുവരുന്നുണ്ടെങ്കിലും അതിനെ വീണ്ടും കടലിലേക്ക് വിടാനാകുകയില്ല.

ഇതുവരെ സുഖംപ്രാപിച്ച ആമകളിൽ 64 എണ്ണത്തിനെ ജി.പി.എസ്. ട്രാക്കറോടുകൂടിയാണ് കടലിൽ വിട്ടിട്ടുള്ളത്. അതിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആമയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ സാധ്യമാണ്.

ഒമ്പതുമാസംകൊണ്ട് 8600 കിലോമീറ്ററുകൾ പിന്നിട്ട് തായ്‌ലൻഡിൽ എത്തിയ ആമയും അക്കൂട്ടത്തിലുണ്ടായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 10 വർഷത്തോളം പരിചരണം നൽകിയ ആമകളുമുണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു.