ദുബായ് : രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി.) ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന 14-ാമത് ബുക്‌ടെസ്റ്റിനുള്ള രജിസ്ട്രേഷന് തുടക്കമായി. പ്രവാചകരുടെ ജീവിതവും സന്ദേശവും അറിയുക, പൊതുജനങ്ങളിലും വിദ്യാർഥികളിലും വായനശീലം വളർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

‘തിരുനബി, സഹിഷ്ണുതയുടെ മാതൃക’ എന്നപേരിൽ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായാണ് ഗ്ലോബൽ ബുക്‌ടെസ്റ്റ് സംഘടിപ്പിക്കുന്നത്. പൊതുവായി മലയാളത്തിലും വിദ്യാർഥികൾക്ക് ഇംഗ്ലീഷിലും നടത്തുന്ന പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് സംഘടിപ്പിക്കുക.

നവംബർ 19 വരെ പുസ്തത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലിക്ക് ഉത്തരം നൽകി യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കാം. ഈ ഘട്ടത്തിൽ നിശ്ചിത മാർക്ക് നേടുന്നവർക്ക് നവംബർ 26-ന് നടക്കുന്ന ഫൈനൽ പരീക്ഷയിൽ പങ്കെടുക്കാം.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ രചിച്ച് ഐ.പി.ബി. പ്രസിദ്ധീകരിച്ച ‘മുഹമ്മദ് റസൂൽ (സ്വ)’ എന്നതാണ് ടെസ്റ്റിനുള്ള മലയാള പുസ്തകം. നൗഫൽ അബ്ദുൽ കരീം രചിച്ച ‘ബിലവ്‌ഡ് ഓഫ് ദി നേഷൻ’ എന്ന ഇംഗ്ലീഷ് പുസ്തകത്തെ ആസ്പദമാക്കിയാണ് വിദ്യാർഥികൾക്കുള്ള പരീക്ഷ നടക്കുക.

ഡിസംബർ ഒന്നിന് ഫലം പ്രസിദ്ധീകരിക്കുമെന്ന് ആർ.എസ്.സി. ഗൾഫ് കൗൺസിൽ പത്രക്കുറിപ്പിൽ അറിയിച്ചു. രജിസ്ട്രേഷന്: www.booktest.rsconline.org