ദുബായ് : ഐ.ബി.എം.സി.യു.എ.ഇ. ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് ഗ്ലോബൽ ഗോൾഡ് കൺവെൻഷൻ ദുബായിൽ നടത്തി. അർമാനിയിൽ നടന്ന ചടങ്ങിൽ അമ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

സുരക്ഷിതമായ വ്യാപാര സംവിധാനങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര സ്വർണവ്യാപാരം വർധിപ്പിക്കുന്നതിനുള്ള നടപടികളും അവസരങ്ങളും നയതന്ത്ര കോൺക്ലേവ് ചർച്ച ചെയ്തു. ട്രേഡ് ക്രെഡിറ്റ് ഇൻഷുറൻസ്, ഫാക്ടറിങ്, ഫിനാൻസിങ് നിബന്ധനകൾ തുടങ്ങിയ സംരക്ഷണ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിലും പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിലും അതുവഴി അതത് രാജ്യങ്ങളിലെ ബിസിനസ് വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചനടന്നു. യു.എ.ഇ.യുടെ 50-ാം വാർഷികം കണക്കിലെടുത്ത് അതുല്യമായ സ്വർണ ചരിത്ര മാസ്റ്റർപീസുകൾ ഇറ്റലി സദസ്സിൽ അവതരിപ്പിച്ചു.

ആഗോളതലത്തിൽ യു.എ.ഇയെ വിശ്വസനീയമായ ഗോൾഡ് ട്രേഡ്-ഫ്ളോ പങ്കാളിയായി സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഐ.ബി.എം.സി. മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സജിത് കുമാർ പി.കെ. പറഞ്ഞു.

അമ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള മികച്ച പ്രതികരണം യു.എ.ഇ.യിലെ അന്താരാഷ്ട്ര സമൂഹത്തിന്റെ ആത്മവിശ്വാസം കാണിക്കുന്നുവെന്ന് ഐ.ബി.എം.സി യു.എ.ഇ. ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹമദ് വ്യക്തമാക്കി.

യു.എ.ഇ. ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സും പരിപാടിയുടെ സഹസംഘാടകരായിരുന്നു.