ദുബായ് : ലോകമഹാമേളയായ എക്സ്‌പോയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്. സൗദി അറേബ്യയുടെ പവിലിയനിൽ ഇതിനകം എത്തിയ സന്ദർശകരുടെ എണ്ണം 10 ലക്ഷം കടന്നു. എക്സ്‌പോയുടെ ആകെ സന്ദർശകരുടെ 30 ശതമാനത്തിലേറെയാണിത്. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുൾപ്പെടെ വിവിധരാജ്യങ്ങളിൽ നിന്നുള്ളവരും സന്ദർശകരിൽപ്പെടും.

എക്സ്‌പോയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് 49 ദിവസത്തിനിടെ ഇത്രയും സന്ദർശകർ ഒരു പവിലിയനിലെത്തുന്നത്. ഏറ്റവുംവലിയ ഇന്ററാക്ടീവ് ലൈറ്റഡ് ഫ്‌ലോർ, ഏറ്റവും ഉയരം കൂടിയ ഇന്ററാക്ടീവ് വാട്ടർ കർട്ടൻ, ഇന്ററാക്ടീവ് ഡിജിറ്റൽ സ്‌ക്രീനുള്ള ഏറ്റവും വലിയ കണ്ണാടി എന്നീ ഗിന്നസ് റെക്കോഡുകൾ നിലവിൽ സൗദി പവിലിയന്റെ പേരിലാണ്. യു.എ.ഇ കഴിഞ്ഞാൽ ഏറ്റവും വലിപ്പമേറിയ പവിലിയനും സൗദിയുടേതാണ്. ആറുമാസത്തിനിടെ 1800 പരിപാടികൾ, വിവിധ വാരാചരണങ്ങൾ എന്നിവയും പവിലിയനിൽ സംഘടിപ്പിക്കും.

അതിനിടെ വേൾഡ് എക്സ്‌പോ 2030-ന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ അപേക്ഷ നൽകി. വേൾഡ് എക്സ്‌പോ 2030 റിയാദിൽ നടത്താൻ അവസരം തേടി അന്താരാഷ്ട്ര എക്സ്‌പോസിഷൻസ് ഓർഗനൈസിങ് ബ്യൂറോക്കാണ് സൗദി ഔദ്യോഗികമായി അപക്ഷ സമർപ്പിച്ചിരിക്കുന്നത്. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 ഏപ്രിൽ ഒന്ന് വരെ ‘മാറ്റത്തിന്റെ യുഗം: നമ്മുടെ ഗ്രഹത്തെ ഭാവിയിലേക്ക് നയിക്കുന്നു’ എന്ന പ്രമേയത്തിൽ മേള നടത്താനാണ് അപേക്ഷ നൽകിയതെന്ന് സൗദി അറേബ്യ അധികൃതർ വ്യക്തമാക്കി.