ദുബായ് : ലോകശിശുദിനത്തിൽ എക്സ്‌പോ 2020 വേദികൾ കൈയടക്കി കുട്ടികൾ. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ എക്സ്‌പോ വേദിയിൽ ശിശുദിനാചരണത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്തു. യു.എ.ഇ. സാമൂഹിക വികസനമന്ത്രാലയം, യുനിസെഫ് എന്നിവയുമായി ചേർന്ന് വിപുലമായ പരിപാടികളാണ് എക്സ്‌പോയിൽ സംഘടിപ്പിച്ചത്. വിദ്യാഭ്യാസം, മാനസികാരോഗ്യം, കാലാവസ്ഥ, യുവനേതൃപാടവം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങൾ വിവിധ വേദികളിൽ നടന്നു. കൂട്ടികളുടെ വേറിട്ട കലാപരിപാടികൾ, പ്രചോദനാത്മക പ്രസംഗങ്ങൾ എന്നിവയുമുണ്ടായി.

കുട്ടികളുടെ സുരക്ഷ മുൻനിർത്തി സമഗ്ര പദ്ധതികളാണ് യു.എ.ഇ. നടപ്പാക്കിവരുന്നതെന്ന് സാമൂഹികവികസന വകുപ്പ് മന്ത്രി ഹസ്സ ബിൻത് ഇസ ബുഹുമൈദ് പറഞ്ഞു. കുട്ടികളുടെ നല്ല ഭാവി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികൾ ഇവിടെ നടപ്പാക്കിവരുന്നു. യുനിസെഫുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ വിവിധ വകുപ്പുകളെ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നു. എല്ലാവരും എല്ലാവരുടെയും കാര്യത്തിൽ ഉത്തരവാദിത്വമുള്ളവരാണെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞിരുന്നു. ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഈ ആശയത്തിൽ അടിയുറച്ചുള്ളതാണ്. നിരവധി അന്താരാഷ്ട്ര സംഘടനകളുമായി യോജിച്ച് കുട്ടികളെ കടത്തൽ, ബാലവേല, തൊഴിൽ മേഖലയിലെ കുറഞ്ഞപ്രായം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അവകാശസംരക്ഷണം എന്നീ വിഷയങ്ങളിൽ ശക്തമായ വ്യവസ്ഥകളാണ് നടപ്പാക്കുന്നതെന്നും ബുഹുമൈദ് പറഞ്ഞു.