ദുബായ് : യു.എ.ഇ.യിലെ മറക്കാനാകാത്ത മനോഹരമായ ഓർമകൾ പങ്കുവെച്ച് സൗജന്യ വിമാനടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ളൈ ദുബായ്. എയർലൈൻ പുതുതായി ആരംഭിച്ച comeflydubaiwithus.com എന്ന വെബ്‌സൈറ്റിലാണ് യു.എ.ഇ.യെക്കുറിച്ചുള്ള ഓർമകൾ പങ്കിടേണ്ടത്. ഏറ്റവും മനോഹരവും രസകരവുമായ ഓർമകൾ പങ്കുവെച്ച 10 പേർക്കാണ് സൗജന്യ ടിക്കറ്റ് സമ്മാനമായി ലഭിക്കുക. ഫ്ളൈ ദുബായ് സർവീസ് നടത്തുന്ന എവിടെനിന്നും തിരിച്ച് യു.എ.ഇയിലേക്കുള്ള ടിക്കറ്റാണ് നൽകുക. 20 കിലോ ബാഗേജ് ഇതിൽ അനുവദനീയമാണ്. 18 വയസ്സ് തികഞ്ഞ ആർക്കും ഇതിൽ പങ്കെടുക്കാം. യു.എ.ഇയിലെ മനോഹരമായ ഓർമക്കുറിപ്പും ഫോട്ടോയും പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങളും ഉൾപ്പെടെ വെബ്‌സൈറ്റിൽ പങ്കുവെക്കണം. നവംബർ 30 അർധരാത്രി വരെ ഇത് സമർപ്പിക്കാൻ അവസരമുണ്ട്.