ഷാർജ : മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോയിൽ കുടുംബസമേതം എത്താൻ മറ്റൊരു ആകർഷണംകൂടി. കുട്ടികൾക്ക് മാത്രമായി പങ്കെടുക്കാൻ വാട്ടർകളർ പെയിന്റിങ് മത്സരം ഷാർജ എക്സ്‌പോ സെന്ററിലെ ഹാൾനമ്പർ അഞ്ചിൽ നടക്കും. നവംബർ 26, 27 ദിവസങ്ങളിലായാണ് പരിപാടി. 26-ന് വെള്ളിയാഴ്ച നാലുവയസ്സുമുതൽ എട്ടുവയസ്സുവരെയുള്ളവർക്കും 27-ന് ശനിയാഴ്ച ഒമ്പതുമുതൽ 12 വയസ്സുവരെയുള്ളവർക്കുമാണ് മത്സരം. മൈ ഹാപ്പി ഹോം എന്ന പ്രമേയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ മാതൃഭൂമി ഡോട്ട് കോമിലൂടെ ലോകം കാണും. വിജയികൾക്ക് സർട്ടിഫിക്കറ്റും കാഷ് പ്രൈസും സമ്മാനിക്കും. 1000 ദിർഹമാണ് ഒന്നാംസമ്മാനം. രണ്ടാം സമ്മാനം 600 ദിർഹം. മൂന്നാംസമ്മാനം 400 ദിർഹവുമാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 2878 എന്ന നമ്പറിലേക്ക് പേരും ഫോൺനമ്പറും എസ്.എം.എസ്. ചെയ്യുക.

ക്രെഡായി (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ സഹകരണത്തോടെ ഒരുക്കുന്ന പ്രോപ്പർട്ടി എക്സ്‌പോയിൽ അറുപതോളം സ്റ്റാളുകൾ ഉണ്ടായിരിക്കും. മുൻവർഷങ്ങളിൽ വൻവിജയകരമായി നടത്തിയിട്ടുള്ള കേരള പ്രോപ്പർട്ടി എക്സ്‌പോ വിദേശമലയാളികൾക്കും ബിൽഡർമാർക്കും ഒരുപോലെ പ്രയോജനകരമായിരുന്നു. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിൽനിന്നും സന്ദർശകർ എത്തിയിരുന്നു.